ബുധനാഴ്ച രാവിലെ പരിശീലനത്തിനിടെയാണ് കസീയസിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതെന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ കസീയസിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

മാഡ്രിഡ്: സ്പെയിനിന്റെ എക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളായ ഐകര്‍ കസീയസിനെ പരിശീലനത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റയല്‍ മാഡ്രിഡ് വിട്ടശേഷം പോര്‍ച്ചുഗീസ് ക്ലബ്ബായ എഫ് സി പോര്‍ട്ടോക്കുവേണ്ടിയാണ് 37കാരനായ കസീയസ് കളിക്കുന്നത്.

ബുധനാഴ്ച രാവിലെ പരിശീലനത്തിനിടെയാണ് കസീയസിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതെന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ കസീയസിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. താരം അപകടനിലതരണം ചെയ്തുവെന്ന് പോര്‍ച്ചുഗീസ് മാധ്യമമായ എ ബോലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സീസണില്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ പോര്‍ട്ടോക്കായി കസീയസ് കളിക്കില്ല. റയല്‍ വിട്ടശേഷം 2015ലാണ് കസീയസ് പോര്‍ട്ടോയിലെത്തിയത്. ടീമിനെ ഇത്തവണ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടിലെത്തിക്കാനും കസീയസിനായി. 2010ല്‍ സ്പെയിനിനെ ആദ്യമായി ലോകചാമ്പ്യന്‍മാരാക്കിയ കസീയസ് സ്പെയിനിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍(167) കളിച്ച താരവുമാണ്. റയല്‍ മാഡ്രിഡിനായി അഞ്ച് ലാ ലിഗ കിരീടങ്ങളും മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും രണ്ട് കോപ ഡെല്‍ റേ കിരീടങ്ങളും നേടിയിട്ടുള്ള കസീയസ് 2008ലും 2012ലും യൂറോ കപ്പ് നേടിയ സ്പാനിഷ് ടീമിലും നിര്‍ണായക സാന്നിധ്യമായിരുന്നു.