Asianet News MalayalamAsianet News Malayalam

'ഐലീഗ് താരങ്ങളെ ഇന്ത്യൻ ടീമിലെടുക്കൂ'; ഫെഡറേഷനെതിരെ ആഞ്ഞടിച്ച് ഗോകുലം കേരള പരിശീലകന്‍

2023ലെ ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ പ്രാഥമിക സംഘത്തിലേക്ക് 41 താരങ്ങളെ തെരഞ്ഞെടുത്തപ്പോൾ ഒരു ഐലീഗ് താരം പോലും പട്ടികയിൽ ഇടംപിടിച്ചിരുന്നില്ല

ILeague players should include in Indian Football Team says Gokulam Kerala FC coach Vincenzo Alberto Annese
Author
Kolkata, First Published May 19, 2022, 9:39 AM IST

കൊല്‍ക്കത്ത: ഐലീഗ്(I-League) താരങ്ങളെയും ഇന്ത്യൻ ഫുട്ബോള്‍ ടീമിലേക്ക്(Indian Football Team) പരിഗണിക്കണമെന്ന് ഗോകുലം കേരളയുടെ(Gokulam Kerala FC) ഇറ്റാലിയൻ പരിശീലകൻ വിൻസെൻസോ ആൽബെർട്ടോ അന്നീസ്(Vincenzo Alberto Annese). പ്രചരിപ്പിക്കപ്പെടുന്നത് പോലെ ഐലീഗ് ക്ലബുകളും ഐഎസ്എൽ(ISL) ക്ലബുകളും തമ്മിൽ പ്രകടമായ വ്യത്യാസമില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(All India Football Federation) മനസിലാക്കണമെന്നും വിൻസെൻസോ ആൽബെർട്ടോ വിമർശിച്ചു. എടികെ മോഹന്‍ ബഗാനെ(ATK Mohun Bagan) തോൽപ്പിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ഗോകുലം കേരള പരിശീലകൻ.

ഐഎസ്എല്ലിന്റെ പണക്കൊഴുപ്പ് ഇന്ത്യൻ ഫുട്ബോളിനെ പിടികൂടിയ ശേഷം ഐലീഗിന് രണ്ടാം സ്ഥാനമാണ്. മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളിനെയുമെല്ലാം ഐഎസ്എല്ലിലേക്ക് കൂട്ടി ഐലീഗിന്‍റെ പകിട്ടും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കുറച്ചു. ദേശീയ ടീമിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുന്നതിലും ഐലീഗ് ടീമുകൾക്ക് പ്രാതിനിധ്യം ഉണ്ടാകാറില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെതിരെ ഗോകുലം കേരള പരിശീലകന്‍റെ വിമർശനം.

ഐലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന റിയൽ കാശ്മീരാണ് എടികെ മോഹൻ ബഗാനെക്കാൾ ഞങ്ങൾക്ക് ഭീഷണിയാകുന്നത് എന്നായിരുന്നു മത്സര ശേഷം ഗോകുലം കേരള പരിശീലകൻ വിൻസെൻസോ ആൽബെർട്ടോ അന്നീസിന്‍റെ പ്രതികരണം. അതാണ് സത്യം. അതാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ കാണിക്കണമെന്ന് കരുതിയതെന്നും ഉജ്വല വിജയത്തിന് ശേഷം ഗോകുലം പരിശീലകൻ പറഞ്ഞു. ഐലീഗ് താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കണമെന്നും വിൻസെൻസോ ആൽബർട്ടോ അന്നീസ് പറയുന്നു.

2023ലെ ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ പ്രാഥമിക സംഘത്തിലേക്ക് 41 താരങ്ങളെ തെരഞ്ഞെടുത്തപ്പോൾ ഒരു ഐലീഗ് താരം പോലും പട്ടികയിൽ ഇടംപിടിച്ചിരുന്നില്ല. ഇന്ത്യൻ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്‍റെ സാന്നിധ്യത്തിലാണ് ഐഎസ്എൽ ടീമിനെതിരെയുള്ള വമ്പൻ ജയമെന്നതും ഗോകുലം കേരളയ്ക്ക് ഇരട്ടി മധുരമായി.

എടികെ മോഹൻ ബഗാൻ താരത്തിന്‍റെ വീമ്പുപറച്ചിലിന് ചുട്ടമറുപടിയുമായി ഗോകുലം കേരള ആറാടുകയായിരുന്നു ഇന്നലെ. എഎഫ്സി കപ്പിൽ രണ്ടിനെതിരെ നാല് ഗോളിന് മലബാറിയൻസ് എടികെയെ തകർത്തു. മറ്റ് മൂന്ന് ടീമുകളേക്കാൾ മികച്ച ടീം എടികെ ആണെന്നായിരുന്നു എടികെ മോഹൻ ബഗാൻ താരം ഹ്യൂഗോ ബൗമസ് മത്സരത്തിന് മുൻപ് പറഞ്ഞത്. എന്നാല്‍ സ്ലൊവേനിയൻ താരം ലൂക്ക നിറഞ്ഞു കളിച്ചപ്പോൾ എഎഫ്സി കപ്പിൽ ഗോകുലം കേരള ജയത്തുടക്കം നേടി.

നാണക്കേട്! വനിതാ ഫുട്‌ബോള്‍ ലീഗിലെ പ്ലെയര്‍ ഓഫ് ദ മാച്ചിന് സമ്മാനത്തുക വെറും 5000 രൂപ! എഐഎഫ്എഫിന് പരിഹാസം

Follow Us:
Download App:
  • android
  • ios