തൃശൂര്‍: ഡീഗോ മറഡോണയ്‌ക്കൊപ്പം പന്തുതട്ടിയ മലയാളി, ഇന്ത്യയുടെ ഇതിഹാസ ഫുട്ബോളര്‍ ഐ.എം. വിജയനാണ് ആ ഭാഗ്യവാന്‍. മറഡോണ കണ്ണൂരിലെത്തിയപ്പോഴായിരുന്നു അദേഹത്തിനൊപ്പം വിജയന്‍ പന്തുതട്ടിയത്. ലോകമെമ്പാടുമുള്ള കായികപ്രേമികളെ കണ്ണീരിലാഴ്‌ത്തി മറഡോണ മടങ്ങുമ്പോള്‍ ഏറ്റവും ദുഖിക്കുന്ന ആളുകളില്‍ ഐ.എം. വിജയനുമുണ്ട്. തന്‍റെ ഇടത്തേക്കാലില്‍ മറഡോണയെ പച്ചകുത്തിയ ഇന്ത്യന്‍ മുന്‍താരം നടുക്കത്തോടെയാണ് അദേഹത്തിന്‍റെ വിയോഗ വാര്‍ത്ത കേട്ടത്. കലാഭവന്‍ മണി പെട്ടെന്ന് മരിച്ചപ്പോള്‍ കേട്ട ഞെട്ടലാണ് മറഡോണയുടെ മരണമുണ്ടാക്കിയത് എന്നുപറയുന്നു വിജയന്‍. 

'ലോകത്തില്‍ രണ്ട് ആള്‍ക്കാരെയുള്ളൂ ഫുട്ബോളില്‍. രാജാവാരാണ് എന്ന് ചോദിച്ചാല്‍ പെലെ എന്നേ പറയൂ. പക്ഷേ എന്നാല്‍ ദൈവം ആരാണ് എന്ന് ചോദിച്ചാല്‍ മറഡോണ എന്നേ പറയൂ. ആ ദൈവം നമ്മേ വിട്ടുപോകുന്നു എന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. ആശുപത്രി വിട്ടു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. എന്നെ സംബന്ധിച്ച് വലിയ വിഷമമുള്ള കാര്യമാണ്. രണ്ട് മിനുറ്റ് അദേഹത്തിനൊപ്പം കളിക്കാന്‍ ഭാഗ്യം കിട്ടിയ ആളാണ് ഞാന്‍. 

ഞാന്‍ അര്‍ജന്‍റീനന്‍ ആരാധകനായിരുന്നില്ല. എന്നാല്‍ 1986 ലോകകപ്പിലെ മറഡോണയുടെ കളി കണ്ട് ആരാധകനായതാണ്. ഇപ്പോഴും അത് തുടരുന്നു. മറഡോണ കാരണമാണ് ഞാന്‍ അര്‍ജന്‍റീന ആരാധകനായത്. ഫുട്ബോള്‍ പ്രേമികള്‍ക്കും മറഡോണയെ ഇഷ്‌ടപ്പെടുന്നവര്‍ക്കും തീരാനഷ്‌ടമാണിത്. കലാഭവന്‍ മണി പെട്ടെന്ന് മരിച്ചപ്പോള്‍ കേട്ട ഞെട്ടലാണ് മറഡോണയുടെ മരണമുണ്ടാക്കിയത്. 

കൈകൊണ്ട് ഗോളടിച്ചു, അതുകഴിഞ്ഞ് മൈതാന മധ്യത്തുനിന്ന് അഞ്ചുപേരെ ഡ്രിബിള്‍ ചെയ്‌ത് ഗോളടിച്ചു. ഒരിക്കലും അത് മറക്കാന്‍ കഴിയില്ല. മറഡോണയുടെ സ്‌കില്‍ പഠിക്കാന്‍ നോക്കിയിരുന്നു. അത് അദേഹത്തിനേ പറ്റുകയുള്ളൂ. കളിക്കളത്തിലെ മറഡോണയെ മാത്രമേ നമുക്ക് നോക്കിയാല്‍ മതി. മൈതാനത്തെ മറഡോണയെ തന്നെ നമുക്ക് പഠിക്കാന്‍ കഴിയില്ല.

ഇടത്തേ കാലില്‍ മറഡോണയെ ടാറ്റു കുത്തിയിട്ടുണ്ട്. അങ്ങനെയൊരു ആളെ കാണാന്‍ കഴിയും എന്ന് കരുതിയിരുന്നില്ല. കാരണം മറഡോണ കണ്ണൂരില്‍ വന്നപ്പോള്‍ ആദ്യം അഞ്ചാറ് മണിക്കൂര്‍ കാത്തിരുന്നിട്ടും  കാണാന്‍ പറ്റിയിരുന്നില്ല. എന്നാല്‍ പിറ്റേന്ന് അദേഹത്തിനൊപ്പം പന്ത് തട്ടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്' എന്നും ഐ.എം. വിജയന്‍ പറഞ്ഞു. 

ഐ.എം. വിജയന്‍റെ പ്രതികരണം കാണാം