Asianet News MalayalamAsianet News Malayalam

ഗ്യാലറിയില്‍ നോമ്പ് തുറന്ന് മലപ്പുറത്തുകാര്‍; ഖല്‍ബിലാണ് ഫുട്ബോള്‍, മൊഹബത്താണ് കാല്‍പ്പന്തിനോട്

രാജസ്ഥാനെതിരെ അഞ്ചടിച്ച് വിജയം നേടിയപ്പോൾ സാക്ഷിയാകാനെത്തിയത് 28,319 ആരാധകരാണ്. ഇത് സംഘാടകരുടെ ഔദ്യോഗിക കണക്ക് മാത്രമാണ്. അതിലേറെ ആളുകൾ കളി കാണാൻ സ്‌റ്റേഡിയത്തിയിലെത്തിയിരുന്നുവെന്ന് നിറഞ്ഞ ഗ്യാലറി കണ്ടാലറിയാം

immense love of malappuram towards football
Author
Malappuram, First Published Apr 19, 2022, 2:55 PM IST

മലപ്പുറം: റമദാനാണ്... നോമ്പ് കാലമാണ്... കൂടാതെ മലപ്പുറവും, കളികാണാൻ ആളുണ്ടാകുമോ..? ഇതായിരുന്നു സന്തോഷ് ട്രോഫി ടൂർണമെന്‍റ് മലപ്പുറത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ചപ്പോൾ സംഘാടകരുടെ പ്രധാന സംശയം. എന്നാൽ കണക്കുകൂട്ടലുകൾ കേരളത്തിന്റെ ആദ്യ മത്സരത്തില്‍ തന്നെ പിഴച്ചു. രാജസ്ഥാനെതിരെ അഞ്ചടിച്ച് വിജയം നേടിയപ്പോൾ സാക്ഷിയാകാനെത്തിയത് 28,319 ആരാധകരാണ്.

ഇത് സംഘാടകരുടെ ഔദ്യോഗിക കണക്ക് മാത്രമാണ്. അതിലേറെ ആളുകൾ കളി കാണാൻ സ്‌റ്റേഡിയത്തിയിലെത്തിയിരുന്നുവെന്ന് നിറഞ്ഞ ഗ്യാലറി കണ്ടാലറിയാം. നോമ്പടുത്ത് വന്ന പല ആരാധകരും നോമ്പ് തുറന്നതും നമസ്‌കരിച്ചതും ഗ്യാലറിയിലിരുന്നാണ്. നേരത്തെ എത്തിയില്ലെങ്കിൽ ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ കഴിയുമോ എന്ന സംശയമാണ് ഇവരെ നോമ്പ് തുറക്കും മുമ്പ് തന്നെ സ്റ്റേഡിയത്തിലെത്തിച്ചത്. അഞ്ചര മണിക്ക് തന്നെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതിനാല്‍ പലരും നേരത്തെ എത്തി കാത്തിരിപ്പ് തുടങ്ങി.

പയ്യനാട് സ്‌റ്റേഡിയത്തിലിരുന്ന് നോമ്പ് തുറക്കുന്നതിന്‍റെയും മഗ്‌രിബ് നമസ്‌കരിക്കുന്നതിന്‍റെയും വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഇന്നലെ ബംഗാളുമായി നടന്ന കേരളത്തിന്‍റെ മത്സരം കാണാനെത്തിയത് 23,180 ആരാധരാണ്. നേരത്തെ തീരുമാനിച്ച പ്രകാരം ഓൺലൈനായി ടിക്കറ്റ് എടുത്തവർ ഗേറ്റ് നാലിലൂടെ പ്രവേശിച്ചതിനാൽ ഇന്നലെ പൊതുവെ അനിഷ്ട സംഭവങ്ങൾ കുറവായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഓൺലൈനായും അല്ലാതെയും ടിക്കറ്റ് എടുത്തവർക്ക് പ്രത്യേക പ്രവേശന കവാടങ്ങളില്ലാത്തതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്.

വിഷുവിന് കൊന്നപ്പൂവ് പൂത്ത് നിൽക്കുന്നത് പോലെ ഗ്യാലറി നിറഞ്ഞത് മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശത്തിന്‍റെ തെളിവായി. ആരാധകര്‍ ചേര്‍ന്നുള്ള മെകസിക്കൻ തിരമാലകൾ കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചയായി മാറി. ഫ്‌ലാഷ് ലൈറ്റുകൾ കൊണ്ടുള്ള വിസ്മയം ദൃശ്യമനോഹാരിത ഒരുക്കി. ഉത്സവ ലഹരിയിൽ ആറാടുകയായിരുന്നു യഥാര്‍ഥത്തില്‍ മലപ്പുറത്തെ ജനങ്ങൾ. മഞ്ഞ ജേഴ്‌സിയിൽ കേരളം ഗാൾമുഖത്തെത്തുമ്പോൾ ആർപ്പുവിളികൾ സ്റ്റേഡിയത്തെ ഇളക്കി മറിച്ചു. പല അവസരങ്ങളും കളഞ്ഞു കുളിച്ചെങ്കിലും ആദ്യപകുതി ഒട്ടും വിരസമായിരുന്നില്ല.

ബംഗാൾ ഗോളിയുടെ മിന്നും സേവുകളെ കയ്യടികളോടെ വരവേറ്റ് പ്രതിഭകളെ അനുമോദിക്കുന്നതിനും തങ്ങള്‍ ഒട്ടും പിന്നിലല്ലെന്ന് കാണികള്‍ തെളിയിച്ചു. രണ്ടാം പകുതി അതിലേറെ മനോഹരമായി. സമനിലയിലേക്ക് പോകുമെന്ന് തോന്നിയ മത്സരത്തിൽ ആദ്യ ഗോൾ വീണതോടെ ആവേശം അണപൊട്ടിയൊഴുകി. വിജയമുറപ്പിച്ച ആഹ്ലാദത്തിനിടെ മലപ്പുറത്തുകാരന്‍ കൂടിയായ യുവതാരം ജെസിൻ കൂടി ഗോൾ നേടിയതോടെ ആരാധകരുടെ ആവേശം ടോപ്പ് ഗിയറിലേക്ക് എത്തി. മേഘാലയക്കെതിരായ നാളത്തെ മത്സരത്തിലും ഗ്യാലറി നിറയുമെന്ന് ഉറപ്പാണ്. അതേ.. ഈ നാട് ഇങ്ങനെയാണ്, ഒന്ന് ചെവിയോര്‍ത്താല്‍ തുകല്‍ പന്തിന്‍റെ താളം കേള്‍ക്കാം. അത് മുഴങ്ങുന്നത് ഓരോ മലപ്പുറത്തുകാരന്‍റെയും നെഞ്ചിനുള്ളിലാണ്. 

Follow Us:
Download App:
  • android
  • ios