ദേശീയ ഫെഡറേഷനിലെ പ്രശ്നങ്ങള്‍ ഇന്ത്യയുടെ ഏഷ്യന്‍ കപ്പ് യോഗ്യതയുടെ തിളക്കം കെടുത്തിയെന്ന് ഹോങ്കോംഗിനെതിരായ വിജയത്തിനുശേഷം സ്റ്റിമാച്ച് പറഞ്ഞു. ഇത്രയും പ്രധാനപ്പെട്ടൊരു ടൂര്‍ണമെന്‍റ് നടക്കുമ്പോഴാണോ ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്യേണ്ടതെന്നും മൂന്നാഴ്ച കൂടി കാത്തിരുന്നാല്‍ എന്തായിരുന്നു സംഭവിക്കുകയെന്നും സ്റ്റിമാച്ച് പറഞ്ഞു.

കൊല്‍ക്കത്ത: ഏഷ്യന്‍ കപ്പിന്(AFC Asian Cup) തുടര്‍ച്ചയായി രണ്ടാം തവണയും യോഗ്യത നേടി ഇന്ത്യന്‍ ഫുട്ബോള്‍ ടീം ചരിത്ര നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച്ച്(Igor Stimac). ദേശീയ കായികചട്ടം ലംഘിച്ചതിന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ ഭരണകാര്യങ്ങള്‍ ഇപ്പോള്‍ നോക്കുന്നത് സുപ്രീം കോടതി നിയോഗിച്ച സമിതിയാണ്. പ്രഫുല്‍ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള സമിതിയെ പുറത്താക്കിയാണ് സുപ്രീം കോടതി ഭരണസമിതിയെ ചുമതല ഏല്‍പ്പിച്ചത്.

ദേശീയ ഫെഡറേഷനിലെ പ്രശ്നങ്ങള്‍ ഇന്ത്യയുടെ ഏഷ്യന്‍ കപ്പ് യോഗ്യതയുടെ തിളക്കം കെടുത്തിയെന്ന് ഹോങ്കോംഗിനെതിരായ വിജയത്തിനുശേഷം സ്റ്റിമാച്ച് പറഞ്ഞു. ഇത്രയും പ്രധാനപ്പെട്ടൊരു ടൂര്‍ണമെന്‍റ് നടക്കുമ്പോഴാണോ ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്യേണ്ടതെന്നും മൂന്നാഴ്ച കൂടി കാത്തിരുന്നാല്‍ എന്തായിരുന്നു സംഭവിക്കുകയെന്നും സ്റ്റിമാച്ച് പറഞ്ഞു.

ഫെഡറേഷനിലെ പ്രശ്നങ്ങള്‍ കളിക്കാരെയും ഡ്രസ്സിംഗ് റൂമിനെയും എങ്ങനെ ബാധിക്കുമെന്നുപോലും ആരും ചിന്തിക്കുന്നില്ല. ആരുടെ ഭാഗത്താണ് ശരി, ആരുടെ ഭാഗത്താണ് തെറ്റെന്ന് ഞാന്‍ പറയുന്നില്ല. അതെന്‍റെ ജോലിയുമല്ല. പക്ഷെ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായൊരു ടൂര്‍ണമെന്‍റ് നടക്കുമ്പോള്‍ തന്നെ ഇതൊക്കെ സംഭവിച്ചു എന്നതാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ കരാര്‍ തീരുന്ന തന്‍റെ കാലാവധി നീട്ടുമോ എന്നൊന്നും അറിയില്ലെന്നും അത് ചര്‍ച്ച ചെയ്യേണ്ട സമയമിതല്ലെന്നും സ്റ്റിമാച്ച് പറഞ്ഞു.

Scroll to load tweet…

ഇന്ത്യന്‍ പരിശീലകനാവുന്നതിന് മുമ്പ് തനിക്ക് നിരവധി ഓഫറുകളുണ്ടായിരുന്നുവെന്നും കുറഞ്ഞ പ്രതിഫലമായിട്ടുപോലും ഇന്ത്യയിലേക്ക് വരാന്‍ തയാറാവുകയായിരുന്നുവെന്നും സ്റ്റിമാച്ച് പറഞ്ഞു. കളിക്കാര്‍ എന്‍റെ ജോലി പോവാതിരിക്കാനാണ് നോക്കുന്നത്. കരാര്‍ പുതുക്കുന്നതിനെക്കുറിച്ച് ആരോടാണ് ചര്‍ച്ച ചെയ്യുക. അതിനിവിടെ അസോസിയേഷനില്ലല്ലോ എന്നും സ്റ്റിമാച്ച് ചോദിച്ചു.

ഇന്ത്യന്‍ ടീമിന് ഭാവിയുണ്ടാകണമെങ്കില്‍ ഐ ലീഗിനെ പൂര്‍ണമായും ഇന്ത്യന്‍ താരങ്ങള്‍ മാത്രം കളിക്കുന്ന ലീഗാക്കുകയും ഇന്ത്യയുടെ ഫുട്ബോള്‍ നേഴ്സറിയായി വളര്‍ത്തുകയും വേണം. ഐ എസ് എല്ലില്‍ 3+1 വിദേശ കളിക്കാരെ കളിപ്പിക്കുന്നുണ്ട്. എന്നാല്‍ ഐ ലീഗില്‍ നിന്ന് വിദേശ കളിക്കാരെ ഒഴിവാക്കണം. രാജ്യത്തെ ഫുട്ബോള്‍ നടത്തിപ്പില്‍ സമൂലമായ മാറ്റം വരുത്തിയാലെ ഇന്ത്യക്ക് മുന്നോട്ട് പോകാനാകൂ എന്നും സ്റ്റിമാച്ച് പറഞ്ഞു.