ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി തുടങ്ങിയ പ്രമുഖ ടീമുകള്‍ക്ക് മത്സരമുണ്ട്.
ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തര്‍ ഇന്ന് കളത്തില്‍. ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി ടീമുകള്‍ക്ക് മത്സരമുണ്ട്. പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരാന്‍ ഇറങ്ങുന്ന ആഴ്‌സണലിന്റെ എതിരാളികള്‍ ആസ്റ്റണ്‍ വില്ല. വൈകിട്ട് ആറിന് ആസ്റ്റന്‍ വില്ലയുടെ മൈതാനത്താണ് മത്സരം. 14 കളിയില്‍ പത്തിലും ജയിച്ച് 33 പോയിന്റുമായി ലീഗില്‍ ഒന്നാംസ്ഥാനത്താണ് ആഴ്‌സണല്‍. 27 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് ഏഴ് ഗോള്‍ മാത്രം. 27 പോയിന്റുള്ള ആസ്റ്റണ്‍ വില്ല മൂന്നാംസ്ഥാനത്ത്.
മാഞ്ചസ്റ്റര്‍ സിറ്റി രാത്രി എട്ടരയ്ക്ക് സണ്ടര്‍ലാന്‍ഡിനെതിരെ. 28 പോയിന്റുള്ള സിറ്റി രണ്ടും 23 പോയിന്റുളള സണ്ടര്‍ലാന്‍ഡ് ആറും സ്ഥാനത്ത്. എര്‍ലിംഗ് ഹാലന്‍ഡിന്റെ സ്‌കോറിംഗ് മികവിലേക്കാണ് സിറ്റി ഉറ്റുനോക്കുന്നത്. സിറ്റിയുടെ മൈതാനത്താണ് മത്സരം. ഇതേസമയം ചെല്‍സി എവേ മത്സരത്തില്‍ ബോണ്‍മൗത്തിനെയും ടോട്ടനം ഹോം ഗ്രൗണ്ടില്‍ ബ്രെന്റ്‌ഫോര്‍ഡിനെയും നേരിടും. ചെല്‍സി നാലും ടോട്ടനം പതിനൊന്നും സ്ഥാനത്ത്. ലിവര്‍പൂള്‍ രാത്രി പതിനൊന്നിന് തുടങ്ങുന്ന എവേ മത്സരത്തില്‍ ബേണ്‍മൗത്തുമായി ഏറ്റുമുട്ടും.
സീസണില്‍ ആറ് തോല്‍വി നേരിട്ട നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ ഒന്‍പതാം സ്ഥാനത്താണിപ്പോള്‍. മറ്റ് മത്സരങ്ങളില്‍ എവട്ടര്‍, നോട്ടിംഗ്ഹാം ഫോറസ്റ്റിനെയും ന്യൂകാസില്‍ യുണൈറ്റഡ്, ബേണ്‍ലിയെയും നേരിടും.
ലാ ലിഗ
സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ ഇന്ന് റയല്‍ ബെറ്റിസിനെ നേരിടും. ബെറ്റിസിന്റെ മൈതാനത്ത് രാത്രി പതിനൊന്നിനാണ് കളി തുടങ്ങുക. 15 കളിയില്‍ 37 പോയിന്റുമായി ബാഴ്‌സ ലീഗില്‍ ഒന്നാംസ്ഥാനത്താണ്. 14 കളിയില്‍ 24 പോയിന്റുളള ബെറ്റിസ് അഞ്ചാം സ്ഥാനത്തും. റയല്‍ മാഡ്രിഡ് നാളെ രാത്രി സെല്‍റ്റ വിഗോയുമായി ഏറ്റുമുട്ടും.

