പതിമൂന്ന് ടീമുകള്‍ ഇതിനോടകം ഏഷ്യന്‍ കപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. ഗ്രൂപ്പ് ഡിയില്‍ ഇന്ത്യയുടെ ആദ്യ കടമ്പ കംബോഡിയ. സഹല്‍ അബ്ദുല്‍ സമദും ആഷിക് കുരുണിയനുമാണ് ടീമിലെ മലയാളിസാന്നിധ്യം.
കൊല്‍ക്കത്ത: 2023ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് (Asian Cup) യോഗ്യത ഉറപ്പാക്കാനുള്ള ഇന്ത്യയുടെ (Indian Football) പോരാട്ടങ്ങള്‍ക്ക് ബുധനാഴ്ച്ച തുടക്കം. കൊല്‍ക്കത്തയില്‍ രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന കളിയില്‍ കംബോഡിയയാണ് എതിരാളികള്‍. ഏഷ്യന്‍ കപ്പ് ഫൈനല്‍ റൗണ്ടിലെ പതിനൊന്ന് സ്ഥാനങ്ങള്‍ക്കായി പൊരുതുന്നത് ഇന്ത്യയടക്കം 24 ടീമുകള്‍. ആറ് ഗ്രൂപ്പ് ചാംപ്യന്‍മാരും അഞ്ച് മികച്ച രണ്ടാം സ്ഥാനക്കാരുമാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുക.
പതിമൂന്ന് ടീമുകള്‍ ഇതിനോടകം ഏഷ്യന്‍ കപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. ഗ്രൂപ്പ് ഡിയില്‍ ഇന്ത്യയുടെ ആദ്യ കടമ്പ കംബോഡിയ. സഹല്‍ അബ്ദുല്‍ സമദും ആഷിക് കുരുണിയനുമാണ് ടീമിലെ മലയാളിസാന്നിധ്യം. പതിവുപോലെ ഇന്ത്യയുടെ പ്രതീക്ഷയത്രയും സുനില്‍ ഛേത്രിയുടെ ബൂട്ടുകളില്‍. ഗോള്‍വലയത്തിന് മുന്നില്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ പ്രകടനവും നിര്‍ണായകമാവും.
സന്ദേശ് ജിംഗാന്‍, ഹര്‍മ്മന്‍ ജോത് ഖബ്ര, പ്രീതം കോട്ടാല്‍, അന്‍വര്‍ അലി, രാഹുല്‍ ബെക്കെ, ലിസ്റ്റന്‍ കൊളാസോ, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, അനിരുദ്ധ് ഥാപ്പ, ജീക്‌സണ്‍ സിംഗ്, ഉദാന്ത സിംഗ് തുടങ്ങിയവരും ടീമിലുണ്ട്.
ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരെയും പതിനാലിന് ഹോങ്കോംഗിനെയും നേരിടും. കോച്ച് ഇഗോര്‍ സ്റ്റിമാക്കിന്റെ ശിക്ഷണത്തില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് വളരെ പരിതാപകരം. ആകെ കളിച്ച 20 മത്സരങ്ങളില്‍ ജയിച്ചത് ആറില്‍ മാത്രം.
ഏഴ് സമനിലയും ഏഴ് തോല്‍വിയും. അവസാന മുന്ന് സന്നാഹമത്സരത്തിലും ഇന്ത്യ തോല്‍വി നേരിട്ടു. ഇന്ത്യയും കംബോഡിയയും ഏറ്റുമുട്ടുന്ന അഞ്ചാമത്തെ മത്സരമാണിത്. ഒന്നില്‍ കംബോഡിയയും മുന്നില്‍ ഇന്ത്യയും ജയിച്ചു.
