മികച്ച പ്രതിരോധവുമായി ആദ്യ പകുതിയില്‍ ജോര്‍ദ്ദാനെ ഗോളടിപ്പിക്കാതിരിക്കാന്‍ ഇന്ത്യക്കായി. രണ്ടാം പകുതിയിലാണ് ഇന്ത്യക്ക് ആദ്യ ഗോളവസരം ലഭിച്ചത്. 52-ാം മിനിറ്റില്‍ മുഹമ്മദ് യാസിര്‍ എടുത്ത ഫ്രീ കിക്ക് ജോര്‍ദ്ദാന്‍ പ്രതിരോധത്തെയും ഗോള്‍ കീപ്പറെയും മറികടന്നെങ്കിലും ക്രോസ് ബാറില്‍ തട്ടി മടങ്ങി.

ദോഹ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തിൽ ജോര്‍ദാനെതിരെ ഇന്ത്യക്ക്(India vs Jordan)തോല്‍വി. ഖത്തറിലെ ദോഹയിൽ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ജോര്‍ദ്ദാന്‍ ഇന്ത്യയെ വീഴ്ത്തിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ജോര്‍ദ്ദാന്‍റെ രണ്ട് ഗോളുകളും. 75-ാം മിനിറ്റില്‍ അബു അമാറയും ഇഞ്ചുറി ടൈമില്‍ അബു സാറിഖുമാണ് ജോര്‍ദ്ദാന്‍റെ ഗോളുകള്‍ നേടിയത്.

ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ ആദ്യ ഇലവനില്‍ ഇറക്കിയാണ് ഇന്ത്യ ജോര്‍ദ്ദാനെതിരെ പോരാട്ടത്തിനിറങ്ങിയത്. മലയാളി താരം സഹല്‍ അബ്ദുള്‍ സമദും ആദ്യ ഇലവനില്‍ ഇന്ത്യക്കായി ഇറങ്ങി. ആദ്യ പകുതിയില്‍ ചെറി പാസുകളിലൂടെ പന്ത് കാലില്‍വെച്ച് കളിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. പത്താം മിനിറ്റിലാണ് ഇന്ത്യ ജോര്‍ദ്ദാന്‍ ഗോള്‍മുഖത്തേക്ക് ആദ്യ ഷോട്ട് പായിച്ചത്. മുന്നേറ്റനിരയില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് പിന്തുണ നല്‍കാന്‍ ആരുമില്ലാതിരുന്നതോടെ ഇന്ത്യന്‍ ആക്രമണങ്ങളുടെ മൂര്‍ച്ച കുറഞ്ഞു.

മികച്ച പ്രതിരോധവുമായി ആദ്യ പകുതിയില്‍ ജോര്‍ദ്ദാനെ ഗോളടിപ്പിക്കാതിരിക്കാന്‍ ഇന്ത്യക്കായി. രണ്ടാം പകുതിയിലാണ് ഇന്ത്യക്ക് ആദ്യ ഗോളവസരം ലഭിച്ചത്. 52-ാം മിനിറ്റില്‍ മുഹമ്മദ് യാസിര്‍ എടുത്ത ഫ്രീ കിക്ക് ജോര്‍ദ്ദാന്‍ പ്രതിരോധത്തെയും ഗോള്‍ കീപ്പറെയും മറികടന്നെങ്കിലും ക്രോസ് ബാറില്‍ തട്ടി മടങ്ങി.

Scroll to load tweet…

65-ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് സന്ദേശ് ജിങ്കാനും സുവര്‍ണാവസരം ലഭിച്ചെങ്കിലും ജിങ്കാന്‍റെ ഹെഡ്ഡര്‍ പുറത്തേക്ക് പോയി. 74-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ പിന്‍വലിച്ച കോച്ച് സ്റ്റിമാക്ക് ബ്രാണ്ടനെ ഇറക്കിയതിന് പിന്നാലെയാണ് ജോര്‍ദ്ദാന്‍ ലീഡെടുത്തത്. അവസാന നിമിഷം സുഭാഷിശ് ബോസിന് പകരം സൂപ്പര്‍ സബ്ബായ ഇഷാന്‍ പണ്ഡിതയെ സ്റ്റിമാക്ക് ഗ്രൗണ്ടിലിറക്കിയെങ്കിലും ഇന്ത്യക്ക് ഗോളിലേക്ക് വഴിതുറക്കാനായില്ല. ഇഞ്ചുറി ടൈമില്‍ ഒരു ഗോള്‍ കൂടി അടിച്ച് ജോര്‍ദ്ദാന്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയും തകര്‍ത്തു.

ജൂണ്‍ എട്ടു മുതല്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് മൂന്നാം റൗണ്ട് യോഗ്യതാ മത്സരത്തിന്‍റെ തയ്യാറെടുപ്പിന്‍റെ ഭാഗമായാണ് ഇന്ത്യ സൗഹൃദ മത്സരത്തിന് ഇറങ്ങിയത്. മാര്‍ച്ചിൽ ബെലാറൂസിനും ബഹ്റൈനും എതിരായ സൗഹൃദ മത്സരങ്ങളില്‍ ഇന്ത്യ തോറ്റിരുന്നു. ലോക റാങ്കിംഗില്‍ ജോര്‍ദാന്‍ 91ആമതും, ഇന്ത്യ 106ആം സ്ഥാനത്തുമാണ്.