മസ്കറ്റ്: ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഒമാനെതിരെ ഇന്ത്യക്ക് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോറ്റത്. 33-ാം മിനിറ്റില്‍ ഇന്ത്യയുടെ പ്രതിരോധ പിഴവില്‍ നിന്ന് അല്‍ ഗസാനിയാണ് ഒമാന്റെ വിജയ ഗോള്‍ നേടിയത്. തോല്‍വിയോടെ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാമെന്ന ഇന്ത്യന്‍ സ്വപ്നങ്ങള്‍ ഏതാണ്ട് അവസാനിച്ചു.

കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ഒമാന് അനുകൂലമായി പെനല്‍റ്റി ലഭിച്ചു. എന്നാല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഒമാന്‍ ആരാധകരെ അമ്പരിപ്പിച്ച് അല്‍ ഗസാനി എടുത്ത സ്പോട് കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നുപോയി. എന്നാല്‍ ഒമാന്റെ നിര്‍ഭാഗ്യം അവിടെ തീര്‍ന്നു. ഇന്ത്യന്‍ പ്രതിരോധനിരയ്ക്ക് പിടിപ്പത് പണികൊടുത്ത് ഒമാന്‍ കിട്ടിയ അവസരങ്ങളിലെല്ലാം ആക്രമിച്ചു കയറി. പെനല്‍റ്റി നഷ്ടമാക്കിയതിന് പ്രായശ്ചിത്തം ചെയ്ത് ഇന്ത്യന്‍ പ്രതിരോധനിരയെ കീറിമുറിച്ച് മൊഹ്സിന്‍ നല്‍കിയ ത്രൂ പാസില്‍ നിന്ന് അല്‍ ഗസാനി ഒമാന്റെ ആദ്യ ഗോള്‍ നേടി.

ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ഇന്ത്യ രണ്ടാം പകുതിയില്‍ ഏതാനും അവസരങ്ങള്‍ തുറന്നെടുത്തു. എന്നാല്‍ ഗോള്‍ മാത്രം അകന്നുനിന്നു. അവസാന നിമിഷങ്ങളില്‍ സമനില ഗോളിനായി ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ ഒമാന്‍ പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മ ഇന്ത്യത്ത് വിനയായി.