ആദ്യ പകുതിയുടെ 43-ാം മിനിറ്റില്‍ ഇന്ത്യയുടെ ചിങ്ലെ‌സന സിംഗിന്‍റെ സെല്‍ഫ് ഗോളാണ് ഒമാന് ലീഡ് സമ്മാനിച്ചത്.

മസ്കറ്റ്: ഇന്ത്യ-ഒമാന്‍ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായ ഇന്ത്യക്കായി രണ്ടാം പകുതിയില്‍ സമനില ഗോള്‍ നേടി മന്‍വീര്‍ സിംഗ്. മത്സരത്തിന്‍റെ 55-ാം മിനിറ്റില്‍ റൈറ്റ് ഫ്ലാങ്കില്‍ നിന്ന് ബിപിന്‍ സിംഗ് നല്‍കിയ ക്രോസില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ മന്‍വീര്‍ സിംഗ് ഇന്ത്യക്ക് സമനില സമ്മാനിക്കുകയായിരുന്നു.

ആദ്യ പകുതിയുടെ 43-ാം മിനിറ്റില്‍ ഇന്ത്യയുടെ ചിങ്ലെ‌സന സിംഗിന്‍റെ സെല്‍ഫ് ഗോളാണ് ഒമാന് ലീഡ് സമ്മാനിച്ചത്. മത്സരത്തിന്‍റെ ഇരുപത്തിയെട്ടാം മിനിറ്റില്‍ ഒമാന്‍റെ അബ്ദുള്‍ അസീസ് അല്‍ മഖ്ബാലിയെ പെനല്‍റ്റി ബോക്സില്‍ റൗളിന്‍ ബോര്‍ഗസ് വീഴ്ത്തിയതിന് ഒമാന് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും മഖ്ബാലിയുടെ കിക്ക് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ അമ്രീന്ദര്‍ സിംഗ് തട്ടിയകറ്റി രക്ഷകനായി.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഒമാനായിരുന്നു കളിയില്‍ ആധിപത്യം. മത്സരത്തിന്‍റെ നാലാം മിനിറ്റില്‍ തന്നെ ലീഡ് നേടാന്‍ ഒമാന്‍റെ മഖ്ബാലിക്ക് സുവര്‍ണാവസരം ലഭിച്ചു. അംജദ് അല്‍ ഹാര്‍ത്തിയുടെ ക്രോസില്‍ നിന്ന് മഖ്ബാലി തൊടുത്ത ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി.

Scroll to load tweet…

കളിയുടെ ആദ്യ നിമിഷങ്ങളില്‍ അപ്രതീക്ഷിത പ്രത്യാക്രമണങ്ങളില്‍ മാത്രമാണ് ഇന്ത്യ ശ്രദ്ധയൂന്നിയത്. കളിയുടെ പന്ത്രണ്ടാം മിനിറ്റിലാണ് ഇന്ത്യക്ക് നല്ലൊരു അവസരം ലഭിച്ചത്. ബിപിന്‍ സിംഗിന്‍റെ ക്രോസില്‍ നിന്ന് മന്‍വീര്‍ സിംഗ് ലക്ഷ്യത്തിലേക്ക് തൊടുത്ത ഷോട്ട് ഒമാന്‍ പ്രതിരോധനിരതാരത്തിന്‍റെ കാലില്‍ തട്ടി പുറത്തുപോയി. അതിന് പകരം ലഭിച്ച കോര്‍ണറില്‍ സന്ദേശ് ജിങ്കാന് സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

പിന്നീട് തുടര്‍ച്ചയായി ഒമാന്‍റെ ആക്രമണങ്ങളായിരുന്നു. ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ പൊളിച്ച് ആദ്യ പകുതി തീരാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കിയിരിക്കെ ഒമാന്‍ ലീഡെഡുത്തു.