Asianet News MalayalamAsianet News Malayalam

സൗഹൃദ മത്സരം, മന്‍വീറും അമ്രീന്ദറും കാത്തു; ഒമാനെതിരെ ഇന്ത്യക്ക് വീരോചിത സമനില

മത്സരത്തിന്‍റെ ഇരുപത്തിയെട്ടാം മിനിറ്റില്‍ ഒമാന്‍റെ അബ്ദുള്‍ അസീസ് അല്‍ മഖ്ബാലിയെ പെനല്‍റ്റി ബോക്സില്‍ റൗളിന്‍ ബോര്‍ഗസ് വീഴ്ത്തിയതിന് ഒമാന് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും മഖ്ബാലിയുടെ കിക്ക് തട്ടിയകറ്റി അമ്രീന്ദര്‍ സിംഗ് ഇന്ത്യയുടെ രക്ഷകനായി.

India vs Oman Football friendly match report
Author
Muscat, First Published Mar 25, 2021, 9:17 PM IST

മസ്കറ്റ്: രാജ്യാന്തര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഫിഫ റാങ്കിംഗില്‍ മുന്നിലുള്ള ഒമാനെതിരെ ഇന്ത്യക്ക് വീരോചിത സമനില. ആദ്യ പകുതിയുടെ 43-ാം മിനിറ്റില്‍ ചിങ്ലെ‌സന സിംഗിന്‍റെ സെല്‍ഫ് ഗോളില്‍ പിന്നിലായിപ്പോയ ഇന്ത്യ 55-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗിന്‍റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഗോളിലാണ് സമനില പിടിച്ചത്. ബോക്സിന്‍റെ വലതുപാര്‍ശ്വത്തില്‍ നിന്ന് ബിപിന്‍ സിംഗ് നല്‍കിയ ക്രോസില്‍ നിന്നായിരുന്നു മന്‍വീറിന്‍റെ സമനില ഗോള്‍.

മത്സരത്തിന്‍റെ ഇരുപത്തിയെട്ടാം മിനിറ്റില്‍ ഒമാന്‍റെ അബ്ദുള്‍ അസീസ് അല്‍ മഖ്ബാലിയെ പെനല്‍റ്റി ബോക്സില്‍ റൗളിന്‍ ബോര്‍ഗസ് വീഴ്ത്തിയതിന് ഒമാന് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും മഖ്ബാലിയുടെ കിക്ക് തട്ടിയകറ്റി അമ്രീന്ദര്‍ സിംഗ് ഇന്ത്യയുടെ രക്ഷകനായി.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഒമാന് തന്നെയായിരുന്നു കളിയില്‍ ആധിപത്യം. മത്സരത്തിന്‍റെ നാലാം മിനിറ്റില്‍ തന്നെ ലീഡ് നേടാന്‍ ഒമാന്‍റെ മഖ്ബാലിക്ക് സുവര്‍ണാവസരം ലഭിച്ചു. അംജദ് അല്‍ ഹാര്‍ത്തിയുടെ ക്രോസില്‍ നിന്ന് മഖ്ബാലി തൊടുത്ത ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി.

കളിയുടെ ആദ്യ നിമിഷങ്ങളില്‍ പ്രത്യാക്രമണങ്ങളില്‍ മാത്രമാണ് ഇന്ത്യ ശ്രദ്ധയൂന്നിയത്. കളിയുടെ പന്ത്രണ്ടാം മിനിറ്റിലാണ് ഇന്ത്യക്ക് നല്ലൊരു അവസരം ലഭിച്ചത്. ബിപിന്‍ സിംഗിന്‍റെ ക്രോസില്‍ നിന്ന് മന്‍വീര്‍ സിംഗ് ലക്ഷ്യത്തിലേക്ക് തൊടുത്ത ഷോട്ട് ഒമാന്‍ പ്രതിരോധനിരതാരത്തിന്‍റെ കാലില്‍ തട്ടി പുറത്തുപോയി. അതിന് പകരം ലഭിച്ച കോര്‍ണറില്‍ സന്ദേശ് ജിങ്കാന് സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

പിന്നീട് തുടര്‍ച്ചയായി ഒമാന്‍റെ ആക്രമണങ്ങളായിരുന്നു. ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ പൊളിച്ച് ആദ്യ പകുതി തീരാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കിയിരിക്കെ ഒമാന്‍ ലീഡെഡുത്തു. ബോക്സിലേക്ക് വന്നൊരു ത്രൂ ബോളില്‍ ഒമാന്‍റെ സാഹിര്‍ അല്‍ അഖ്ബരി തൊടുത്ത ഷോട്ട് ചിങ്ലെന്‍സനയുടെ കാലില്‍ തട്ടി ഡിഫ്ലെക്ട് ചെയ്ത് അമ്രീന്ദറിനെ കബളിപ്പിച്ച് വലയില്‍ കയറുകയായിരുന്നു.

രണ്ടാം പകുതിയില്‍ തിരിച്ചടിച്ച് ഇന്ത്യ

രണ്ടാം പകുതിയില്‍ ജീക്സണ്‍ സിംഗിന് പകരം അപുയിയെും റായിനെര്‍ ഫെര്‍ണാണ്ടസിനെയും കോച്ച് ഇഗോര്‍ സ്റ്റിമാക്ക് കളത്തിലറക്കി. രണ്ടാം പകുതിയുടെ തുടക്കത്തിലും ഒമാനായിരുന്നു ആധിപത്യം. 55-ാം മിനിറ്റില്‍ ബോക്സിന്‍റെ വലതുപാര്‍ശ്വത്തില്‍ നിന്ന് ബിപിന്‍ സിംഗ് നല്‍കിയ ക്രോസില്‍ നിന്നായിരുന്നു മന്‍വീറിന്‍റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഗോള്‍.

55ാം മിനിറ്റില്‍ അപ്രതീക്ഷിതമായി സമനില ഗോള്‍ കണ്ടെത്തിയതോടെ ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ ലക്ഷ്യബോധവും മൂര്‍ച്ചയും വന്നു.  64ാം മിനിറ്റില്‍ ബോക്സിന് പുറത്തു നിന്ന് ഒമാന്‍റെ യാസെദ് മാസാനി എടുത്ത ഫ്രീ കിക്ക് അമ്രീന്ദര്‍ കൈയിലൊതുക്കി. 67-ാം മിനിറ്റില്‍ ഒമാന്‍റെ ഇസാം അല്‍ സാബിയുടെ ഷോട്ട് തടുത്തിട്ട് അമ്രീന്ദര്‍ വീണ്ടും രക്ഷകനായി.

71-ാം മിനിറ്റില്‍ അശുതോഷ് മെഹ്ത്തയുടെ ക്രോസില്‍ നിന്ന് മന്‍വീര്‍ സിംഗ് തൊടുത്ത ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. 72-ാം മിനിറ്റില്‍ ബിപിന്‍ സിംഗിന് പകരം ഇഷാന്‍ പണ്ഡിതയെ കോച്ച് കളത്തിലിറക്കി. തൊട്ടുപിന്നാലെ സുരേഷ് വാങ്ജാമിന് പകരം ലാലിയാന്‍സുവാല ചാങ്തെയും ഇന്ത്യക്കായി ഇറങ്ങി.

അവസാന നിമിഷങ്ങളില്‍ വിജയഗോളിനായി ഒമാനും ഇന്ത്യയും കിണഞ്ഞു ശ്രമിച്ചെങ്കിലും ഇരു ടീമിന്‍റെ പ്രതിരോധം വഴങ്ങിയില്ല. ഗോള്‍ പോസ്റ്റിന് താഴെ അമ്രീന്ദര്‍ പുറത്തെടുത്ത മികവാണ് ഫിഫ റാങ്കിംഗില്‍ 81-ാം സ്ഥാനത്തുള്ള ഒമാനെ 104ാം സ്ഥാനത്തുള്ള ഇന്ത്യക്ക് പിടിച്ചുകെട്ടാനായത്. കഴിഞ്ഞ പത്തുവർത്തിനിടെ ഇരുടീമും ഏറ്റ് മുട്ടിയ ഏഴ് കളികളില്‍ ഇന്ത്യയുടെ രണ്ടാം സമനില മാത്രമാണിത്. അഞ്ചിലും ജയം ഒമാനൊപ്പമായിരുന്നു.

Follow Us:
Download App:
  • android
  • ios