മുംബൈ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ടീം രണ്ട് സന്നാഹ മത്സരം കളിക്കും. മാർച്ച് 25ന് ഒമാനെയും 29ന് യു എ ഇയെയുമാണ് ഇന്ത്യ നേരിടുക. രണ്ട് മത്സരങ്ങളും ദുബായിലായിരിക്കും നടക്കുക.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ ജൂൺ മൂന്നിന് ഖത്തറിനെയും ഏഴിന് ബംഗ്ലാദേശിനെയും 15ന് അഫ്ഗാനിസ്ഥാനെയുമാണ് നേരിടുക. കൊവിഡ് പശ്ചാത്തലത്തിൽ ഖത്തറിലായിരിക്കും യോഗ്യതാ മത്സരങ്ങള്‍.2019 നവംബറില്‍ ഒമാനെതിരെയാണ്  ഇന്ത്യ അവസാന ലോകകപ്പ് യോഗ്യതാ മത്സരം കളിച്ചത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പൂര്‍ത്തിയായതിന് പിന്നാലെ മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്‍റെ നേതൃത്വത്തില്‍ ഇന്ത്യൻ ടീം മാ‍ർച്ച് 15 മുതൽ 31 വരെ ദുബായിൽ നടക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കും. ഗ്രൂപ്പ് ഇയിൽ അഞ്ച് കളിയിൽ 3 പോയിന്‍റുമായി  ഇന്ത്യ നാലാം സ്ഥാനത്താണ്.