ബംഗ്ലാദേശിനെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. നാളെയാണ് ആദ്യ മത്സരം. അതിന് ശേഷം നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഷമി തിരിച്ചെത്തിയേക്കും. ഇക്കഴിഞ്ഞ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമിനൊപ്പം ഉമ്രാന്‍ ഉണ്ടായിരുന്നു. 

ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തി. മുഹമ്മദ് ഷമിക്ക് പരിക്കേറ്റതോടെയാണ് ഉമ്രാനെ ടീമിലേക്ക് വിളിച്ചത്. തോളിനേറ്റ പരിക്കാണ് ഷമിക്ക് വിനയായത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ് താരം. ബംഗ്ലാദേശിനെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. നാളെയാണ് ആദ്യ മത്സരം. അതിന് ശേഷം നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഷമി തിരിച്ചെത്തിയേക്കും. ഇക്കഴിഞ്ഞ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമിനൊപ്പം ഉമ്രാന്‍ ഉണ്ടായിരുന്നു. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, രജത് പടിധാര്‍, ശ്രേയസ് അയ്യര്‍, രാഹുല്‍ ത്രിപാദി, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ഷഹ്ബാസ് അഹമ്മദ്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക്ക്.

അതേസമയം ബംഗ്ലാദേശിനും കനത്ത തിരിച്ചടിയേറ്റിരുന്നു. ക്യാപ്റ്റന്‍ തമീം ഇഖ്ബാലിന് പരമ്പരയില്‍ കളിക്കാനാവില്ല. ഏകദിന പരമ്പരക്ക് മുന്നോടിയായി ഇന്നലെ നടന്ന സന്നാഹ മത്സരത്തില്‍ കളിക്കുന്നതിനിടെ തുടയില്‍ പരിക്കേറ്റ തമീമിന് ഏകിദന പരമ്പര പൂര്‍ണമായും നഷ്ടമാവും. തുടയിലേറ്റ പരിക്കിന് രണ്ടാഴ്ചത്തെ വിശ്രമമാണ് തമീമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ തമീം ഏകദിന പരമ്പരക്ക് ശേഷം നടക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിക്കുന്ന കാര്യവും സംശയത്തിലായി. 

ഈ മാസം 14നാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. തമീമിന് പുറമെ മികച്ച ഫോമിലുള്ള പേസ് ബൗളര്‍ ടസ്‌കിന്‍ അമഹമ്മദും ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനില്ല. പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലുള്ള ടസ്‌കിന്‍ രണ്ടും മൂന്നും ഏകദിനങ്ങളില്‍ കളിക്കുമെന്നാണ് സൂചന. 

അതേസമയം, ഇന്ത്യന്‍ ടീം ധാക്കയിലെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ കളിച്ച മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം നല്‍കിയിട്ടില്ല.

'ഇതൊന്നും ടീമിനെ ബാധിക്കില്ല'; കാമറൂണിനോട് തോറ്റെങ്കിലും ആത്മവിശ്വാസം കൈവിടാതെ ബ്രസീലിയന്‍ കോച്ച് ടിറ്റെ