മിലാന്‍: സീരി എയില്‍ ഇന്റര്‍ മിലാന്‍ മികച്ച ഫോം തുടരുന്നു. ഇന്നലെ നാപോളിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്ററിന്റെ ജയം. ഡാനിലോ അബ്രോസിയോ, ലാതുറോ മാര്‍ട്ടിനെസ് എന്നിവരാണ് ഇന്ററിന്റെ ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ അറ്റ്‌ലാന്റ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പാര്‍മയെ മറികടന്നു. റസ്ലന്‍ മലിനോവ്‌സ്‌കി, ദാരിയോ ഗോമസ് എന്നിവരാണ് അറ്റ്‌ലാന്റയുടെ ഗോളുകള്‍ നേടിയത്.

കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ ഇന്റര്‍ തോല്‍വി അറിഞ്ഞിട്ടില്ല. ഇന്ററിനെതിരെ നാപോളിക്കായിരുന്നു ആധിപത്യമെങ്കിലും ഇരുപകുതികളിലുമായി നേടിയ ഗോളുകള്‍ വിധിയെഴുതി. 11 മിനിറ്റിലായിരുന്നു ഇറ്റാലിയന്‍ താരം ആബ്രോസിയോയുടെ ഗോള്‍. 74ാം മിനിറ്റില്‍ അര്‍ജന്റൈന്‍ താരം മാര്‍ട്ടിനെസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. 

പാര്‍മയ്‌ക്കെതിരെ പിറകില്‍ നിന്ന ശേഷമായിരുന്നു അറ്റ്‌ലാന്റയുടെ തിരിച്ചുവരവ്. 43ാം മിനിറ്റില്‍ ദെജാന്‍ കുലുസേവ്‌സ്‌കിയുടെ ഗോളില്‍ പാര്‍മ മുന്നിലെത്തി. എന്നാല്‍ 70 മിനിറ്റില്‍ മലിനോവ്‌സ്‌കി ഇന്ററിനെ ഒപ്പമെത്തിച്ചു. 74ാം മിനിറ്റില്‍ പാപു ഗോമസിന്റെ ജയമുറപ്പിച്ച ഗോള്‍ വന്നു.

ലീഗില്‍ യുവന്റസ് കിരീടമുറപ്പിച്ചിരുന്നു. 36 മത്സരങ്ങളില്‍ 83 പോയിന്റാണ് ഇന്ററിന്. ഒരു മത്സരം കൂടുതല്‍ കളിച്ച ഇന്റര്‍ 79 പോയിന്റുമായി രണ്ടാമതാണ്. അറ്റ്‌ലാന്റ ഇത്രയും മത്സരങ്ങളില്‍ 79 പോയിന്റുമായി മൂന്നാമതാണ്.