റോം: എസി മിലാനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് ഇന്റര്‍ മിലാന്‍ കോപ്പ ഇറ്റാലിയയുടെ സെമിയില്‍ കടന്നു. മിലാന്‍ ഡര്‍ബിയുടെ വാശിയും വൈരാഗ്യവും നിറഞ്ഞതായിരുന്നു മത്സരം. ആദ്യ പകുതിയില്‍ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയില്‍ തിരിച്ചടിച്ച് ഇന്റര്‍ സെമിയില്‍ ഇടം നേടുകയായിരുന്നു. എസി മിലാനാണ് ചിരവൈരികളായ ഇന്ററിനെതിരെ ആദ്യ ഗോള്‍ നേടിയത്. 

31ാം മിനിറ്റില്‍ സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചിന്റെ വകയായിരുന്നു ഗോള്‍. എന്നാല്‍ 58ാം മിനിറ്റില്‍ സ്ലാട്ടണ്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത് മിലാന് തിരിച്ചടിയായി. 71ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊമേലും ലുകാകു ഇന്ററിനെ ഒപ്പമെത്തിച്ചു. ഇഞ്ചുറി സമയത്ത് ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ ഗോളിലൂടെ ഇന്റര്‍ വിജയമാഘോഷിച്ചു.

ഇന്ന് ക്വാര്‍ട്ടറിലെ മറ്റൊരു മത്സരത്തില്‍ യുവന്റസ്, സ്പാലിനെ നേരിടും. സെരി എയില്‍ ബൊളോഗ്‌നയെ തോല്‍പിച്ച് വിജയ വഴിയില്‍ എത്തിയ ആത്മ
വിശ്വാസവുമായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും ഇറങ്ങുന്നത്. പരിക്കേറ്റ പൗളോ ഡിബാല യുവന്റസ് നിരയിലുണ്ടാവില്ല. ഇരുടീമും ഇതിന് മുന്‍പ് ആറ് തവണ ഏറ്റ് മുട്ടിയിട്ടുണ്ട്. നാല് കളിയില്‍ യുവന്റസ് ജയിച്ചു. ഒരുകളിയില്‍ സ്പാല്‍ ജയിച്ചു. മറ്റൊരു മത്സരം സമനിലയില്‍ അവസാനിച്ചു.

പ്രീമിയര്‍ ലീഗില്‍ പ്രമുഖര്‍ക്ക് ഇന്ന് മത്സരം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നും പ്രമുഖ ടീമുകള്‍ക്ക് മത്സരമുണ്ട്. ചെല്‍സി രാത്രി പത്തിന് തുടങ്ങുന്ന കളിയില്‍ വോള്‍വ്‌സിനെ നേരിടും. കോച്ച്  ലാംപാര്‍ഡിനെ പുറത്താക്കിയ ശേഷം ചെല്‍സിയുടെ ആദ്യ മത്സരമാണിത്. ലീഗില്‍ ഒന്‍പതാം സ്ഥാനത്താണിപ്പോള്‍ ചെല്‍സി. 40 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റ് ഹോം ഗ്രൗണ്ടില്‍ ഷെഫീല്‍ഡ് യുണൈറ്റഡുമായി ഏറ്റുമുട്ടും. രാത്രി ഒന്നേമുക്കാലിനാണ് കളി തുടങ്ങുക. ഇതേസമയം തന്നെ എവര്‍ട്ടന്‍, ലെസ്റ്റര്‍ സിറ്റിയുമായി മത്സരിക്കും. ലെസ്റ്റര്‍ മൂന്നൂം എവര്‍ട്ടന്‍ ആറും സ്ഥാനങ്ങളിലാണ്. 

കിംഗ്‌സ് കപ്പില്‍ ബാഴ്‌സ ഇന്നിറങ്ങും

ബാഴ്‌സലോണ: സ്പാനിഷ് കിംഗ്‌സ് കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബാഴ്‌സലോണ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്ക് തുടങ്ങുന്ന പീക്വാര്‍ട്ടറില്‍ റയോ വയേകാനോയാണ് ബാഴ്‌സലോണയുടെ എതിരാളികള്‍. സസ്‌പെന്‍ഷന്‍ കഴിഞ്ഞ നായകന്‍ ലിയോണല്‍ മെസ്സി തിരിച്ചെത്തുന്നത് ബാഴ്‌സയ്ക്ക് കരുത്താവും. പരിക്കേറ്റ ഡെസ്റ്റ്, കുടീഞ്ഞോ, പിക്വെ, അന്‍സു ഫാറ്റി തുടങ്ങിയവര്‍ ബാഴ്‌സ നിരയിലുണ്ടാവില്ല.