ഇന്റര്‍ മിലാന്‍ സ്‌ട്രൈക്കര്‍ ലൗറ്ററോ മാര്‍ട്ടിനസാണ് (Lautaro Martinez) മെസിയെ മറികടന്ന് ഏറ്റവും മൂല്യമുള്ള അര്‍ജന്റൈന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയത്. ഇരുപത്തിയഞ്ചുകാരനായ ലൗറ്ററോ മാര്‍ട്ടിനസിന് 75 ദശലക്ഷം യൂറോയാണ് മൂല്യം.

ബ്യൂണസ് ഐറിസ്: അര്‍ജന്റൈന്‍ ഫുട്‌ബോളിലെ ഏറ്റവും മൂല്യമേറിയ താരമെന്ന പദവി ലിയോണല്‍ മെസിക്ക് (Lionel Messi) നഷ്ടമായി. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് താരങ്ങളുടെ മൂല്യം കണക്കാക്കിയിരിക്കുന്നത്. അര്‍ജന്റൈന്‍ ഫുട്‌ബോളിന്റെ മുഖവും മേല്‍വിലാസവും പ്രതീക്ഷയുമാണ് ലിയോണല്‍ മെസി. പതിറ്റാണ്ടിലേറെയായി അര്‍ജന്റീനയിലെ (Argentina Football) ഏറ്റവും മൂല്യമേറിയ താരം. എന്നാല്‍ പി എസ്ജിയിലെ മങ്ങിയ പ്രകടനവും പ്രായം മുപ്പത്തിയഞ്ചിലെത്തിയതും ഇതിഹാസ താരത്തെ പിന്നോട്ടടിച്ചു. 

ഇന്റര്‍ മിലാന്‍ സ്‌ട്രൈക്കര്‍ ലൗറ്ററോ മാര്‍ട്ടിനസാണ് (Lautaro Martinez) മെസിയെ മറികടന്ന് ഏറ്റവും മൂല്യമുള്ള അര്‍ജന്റൈന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയത്. ഇരുപത്തിയഞ്ചുകാരനായ ലൗറ്ററോ മാര്‍ട്ടിനസിന് 75 ദശലക്ഷം യൂറോയാണ് മൂല്യം. 2018ല്‍ അര്‍ജന്റൈന്‍ ക്ലബ് റേസിംഗില്‍നിന്ന് ഇന്ററിലെത്തിയ ലൗറ്ററോ മാര്‍ട്ടിനസ് ക്ലബിനായി 179 കളിയില്‍ 74ഗോളും 24 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

മുപ്പത്തിയഞ്ചുകാരനായ മെസ്സിക്ക് 50 ദശലക്ഷം യൂറോയുടെ മൂല്യമാണിപ്പോള്‍. ടോട്ടനത്തിന്റെ ക്രിസ്റ്റ്യന്‍ റൊമേറോയാണ് മൂന്നാം സ്ഥാനത്ത്. 48 ദശലക്ഷം യൂറോ. നാലും അഞ്ചും സ്ഥാനങ്ങളില്‍ ഇടംപിടിച്ചത് റോഡ്രിഗോ ഡി പോളും പൗളോ ഡിബാലയുമാണ്.

ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, എമിലിയാനോ മാര്‍ട്ടിനസ്, ഗുയ്ഡോ റോഡ്രിഗസ്, യുവാന്‍ ഫോയ്ത്ത്, നിക്കോളാസ് ഗോണ്‍സാലസ് എന്നിവരാണ് ആറ് മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍.