ജപ്പാനെതിരെ കളിച്ച പന്ത്രണ്ട് മത്സരത്തിൽ പത്തിലും ബ്രസീൽ ജയിച്ചിട്ടുണ്ട്. രണ്ട് സമനില മാത്രമാണ് ജപ്പാന്‍റെ ആശ്വാസം.
ടോക്കിയോ: ഖത്തര്‍ ലോകകപ്പിന്(2022 FIFA World Cup) മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ(International Football Friendlies) ബ്രസീൽ ഇന്ന് ജപ്പാനെ(Japan vs Brazil) നേരിടും. ഇന്ത്യൻസമയം വൈകിട്ട് 3.50നാണ് കളി തുടങ്ങുക. അവസാന മത്സരത്തിൽ തെക്കൻ കൊറിയയെ ഒന്നിനെതിരെ അഞ്ച് ഗോളിന് തോൽപിച്ച ആത്മവിശ്വാസവുമായാണ് നെയ്മറും സംഘവും ഇറങ്ങുന്നത്. കോപ്പ അമേരിക്ക ഫൈനലിന് ശേഷം കളിച്ച പന്ത്രണ്ട് മത്സരത്തിലും ടിറ്റെയുടെ(Tite) ബ്രസീൽ തോൽവി അറിഞ്ഞിട്ടില്ല.
ജപ്പാനെതിരെ കളിച്ച പന്ത്രണ്ട് മത്സരത്തിൽ പത്തിലും ബ്രസീൽ ജയിച്ചു. രണ്ട് സമനില മാത്രമാണ് ജപ്പാന്‍റെ ആശ്വാസം. സന്നാഹ മത്സരമായതിനാൽ ബ്രസീൽ ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാവും. നെയ്‌മർ മുന്നേറ്റനിരയിൽ തുടരാനാണ് സാധ്യത.
സൂപ്പര്‍ താരം നെയ്‌മറുടെ മികവിലാണ് ദക്ഷിണ കൊറിയക്കെതിരെ ബ്രസീല്‍ വമ്പന്‍ ജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു കാനറികളുടെ വിജയം. നെയ്‌മര്‍ പെനാല്‍റ്റിയിലൂടെ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ റിച്ചാര്‍ലിസണും ഫിലിപ്പെ കുടീഞ്ഞോയും ഗബ്രിയേല്‍ ജെസ്യൂസും ഓരോ ഗോള്‍ നേടി.
സോളില്‍ കിക്കോഫായി ഏഴാം മിനുറ്റില്‍ തന്നെ റിച്ചാര്‍ലിസണ്‍ ബ്രസീലിനെ മുന്നിലെത്തിച്ചിരുന്നു. ഫ്രഡിന്‍റെ വകയായിരുന്നു അസിസ്റ്റ്. 31-ാം മിനുറ്റില്‍ കൊറിയന്‍ ടീം ഒപ്പമെത്തിയെങ്കിലും 15 മിനുറ്റിനിടെ ഇരട്ട ഗോളുകളുമായി നെയ്‌മര്‍ ബ്രസീലിന് 3-1ന്‍റെ സുരക്ഷിത ലീഡ് സമ്മാനിച്ചു. 42, 52 മിനുറ്റുകളില്‍ ലഭിച്ച പെനാല്‍റ്റി അവസരങ്ങള്‍ സൂപ്പര്‍താരം വലയിലെത്തിക്കുകയായിരുന്നു. പകരക്കാരനായെത്തിയ കുടീഞ്ഞോ 80-ാം മിനുറ്റില്‍ ലക്ഷ്യം കണ്ടപ്പോള്‍ ഇഞ്ചുറിടൈമിന്‍റെ മൂന്നാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസ് പട്ടിക പൂര്‍ത്തിയാക്കി.
