ഫുട്ബോളില്‍ അർജന്‍റീന വിജയവഴിയിൽ തിരിച്ചെത്തി. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ അർജന്‍റീന എതിരില്ലാത്ത ഒരു ഗോളിന് മൊറോക്കോയെ തോൽപിച്ചു. 83-ാം മിനുട്ടിൽ ഏഞ്ചൽ കൊറേയയാണ് ഗോൾ നേടിയത്. സൂപ്പർതാരം മെസിയില്ലാതെയാണ് ടീം ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ വെനസ്വേലയോടെ ഒന്നിനെതിരെ മൂന്ന് ഗോളിന് അർജന്‍റീന തോറ്റിരുന്നു.

മറ്റൊരു മത്സരത്തിൽ ബ്രസീൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ചെക്ക് റിപ്പബ്ലിക്കിനെ തോൽപിച്ചു. ഗബ്രിയേൽ ജീസസ് ഇരട്ട ഗോൾ നേടിയ മത്സരത്തിൽ റോബർട്ടോ ഫിർമിനോയാണ് ബ്രസീലിന്‍റെ മറ്റൊരു ഗോൾ നേടിയത്. ഡേവിഡ് പാവേൽക്കയുടെ ഗോളിൽ മുന്നിലെത്തിയ ശേഷമാണ് ചെക്ക് റിപ്പബ്ലിക് തോൽവി വഴങ്ങിയത്.

മറ്റൊരു സൗഹൃദ മത്സരത്തിൽ ചിലെയെ അമേരിക്ക സമനിലയിൽ തളച്ചു. നാലാം മിനുട്ടിൽ ക്രിസ്റ്റ്യൻ പുലിസിച്ചിലൂടെ അമേരിക്കയാണ് ആദ്യം മുന്നിലെത്തിയത്. തൊട്ടുപിന്നാലെ ഓസ്കർ ഒപ്പാസോയിലൂടെ ചിലെ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ ഇരുടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല.