പാരിസ്: അന്താരാഷ്‍ട്ര സൗഹൃദമത്സരത്തിൽ ലോകചാമ്പ്യൻമാരായ ഫ്രാൻസിനെ അട്ടിമറിച്ച് ഫിൻലൻഡ്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫിൻലൻഡിന്‍റെ ജയം. ആദ്യ പകുതിയിലാണ് ഫിൻലൻഡ് രണ്ട് ഗോളും നേടിയത്. മാര്‍ക്കസ് ഫോര്‍സ്(28), ഒന്നി വലാകാരി(31) എന്നിവരാണ് ഗോള്‍ നേടിയത്. 

അതേസമയം അൻഡോറയ്ക്കെതിരെ ഗോൾ മഴയുമായി പോർച്ചുഗൽ. എതിരില്ലാത്ത ഏഴ് ഗോളിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന്‍റെ ജയം. എട്ടാം മിനുറ്റില്‍ നെറ്റോയാണ് ഗോള്‍മഴയ്‌ക്ക് തുടക്കമിട്ടത്. പൗളീഞ്ഞോ രണ്ട് ഗോൾ നേടി. 85ആം മിനുട്ടിൽ ക്രിസ്റ്റ്യാനോയും 88-ാം മിനുറ്റില്‍ ജോ ഫെലിക്‌സും ഗോൾപട്ടികയിൽ ഇടം പിടിച്ചു.

അന്താരാഷ്‍ട്ര സൗഹൃദ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ ജർമ്മനിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ജർമ്മനിയുടെ ജയം. എസ്റ്റോണിയക്കെതിരെ വമ്പൻ ജയവുമായി ഇറ്റലിയും സൗഹൃദ മത്സരം ആഘോഷമാക്കി. എതിരില്ലാത്ത നാല് ഗോളിനാണ് മുൻ ലോകചാമ്പ്യൻമാരുടെ ജയം. വിൻസെൻസോ ഗ്രിഫോ ഇരട്ടഗോൾ നേടി.

മറ്റൊരു മത്സരത്തില്‍ സ്‌പെയിന്‍-നെതർലൻഡ്സ് പോരാട്ടം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. സെർജിയോ കനാലെസിന്‍റെ ഗോളിലൂടെ സ്പെയിൻ ആണ് ആദ്യം മുന്നിലെത്തിയത്. വാൻ ഡി ബീക്കിലൂടെ നെതർലൻഡ്സ് സമനില പിടിച്ചു.

മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലൻഡിനെതിരെ ബെൽജിയവും ജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബെൽജിയത്തിന്‍റെ ജയം. ബാറ്റ്ഷുയിയാണ് ബെൽജിയത്തിന്റെ രണ്ട് ഗോളും നേടിയത്.