മുന്‍ ഫിഫ വൈസ് പ്രസിഡന്‍റും ജോര്‍ദാന്‍ രാജകുമാരനിമായ അലി ബിന്‍ അല്‍ ഹൊസൈന്‍ ഇത് സംബന്ധിച്ച് ഏഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന് ഔദ്യോഗികമായി കത്ത് എഴുതിയിരിക്കുകയാണ്.
ടെഹ്റാന്‍: ഇറാന്‍ വനിത ഫുട്ബോള്‍ ടീമിലെ ഗോളിയായ സൊഹറ കൗദി (Zohreh Koudaei) പുരുഷനാണെന്ന ആരോപണവുമായി ജോര്‍ദാന്‍ (Jordan Football Association ) രംഗത്ത് എത്തിയത് വലിയ വിവാദമാകുന്നു. കഴിഞ്ഞ സെപ്തംബറില്‍ ഇറാന്‍ ജോര്‍ദാനെ തോല്‍പ്പിച്ച് ആദ്യമായി വനിതകളുടെ ഏഷ്യാകപ്പ് ഫുട്ബോളിന് യോഗ്യത നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം. അന്ന് 4-2 പെനാള്‍ട്ടി ഷൂട്ട് ഔട്ടിലായിരുന്നു ഇറാന്‍റെ ജയം. അന്നത്തെ മത്സരത്തിലെ ഹീറോയായിരുന്നു സൊഹ്റ. രണ്ട് പെനാള്‍ട്ടി കിക്കാണ് ഇവര്‍ രക്ഷപ്പെടുത്തിയത്.
ജോര്‍ദാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഇപ്പോള്‍ ഔദ്യോഗികമായി സൊഹ്റയുടെ ലിംഗ പരിശോധന നടത്തണം എന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മുന്‍ ഫിഫ വൈസ് പ്രസിഡന്‍റും ജോര്‍ദാന്‍ രാജകുമാരനിമായ അലി ബിന്‍ അല്‍ ഹൊസൈന്‍ (Prince Ali bin Hussein) ഇത് സംബന്ധിച്ച് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന് (Asian Football Confederation (AFC) ഔദ്യോഗികമായി കത്ത് എഴുതിയിരിക്കുകയാണ്.
ഇത്തരം മത്സരങ്ങള്‍ക്ക് മുന്‍പ് ലിംഗ പരിശോധന നിര്‍ബന്ധമല്ല. അതിനാല്‍ തന്നെ എഎഫ്സി നിയമങ്ങള്‍ തിരുത്തേണ്ട ആവശ്യമുണ്ട്. ഇപ്പോള്‍ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യമാണ്. പ്രസ്തുത കളിക്കാരുടെ പങ്കെടുക്കാനുള്ള അവകാശത്തില്‍ സംശയമുണ്ട്. ഇറാനിയന്‍ വനിത ഫുട്ബോള്‍ ടീമിന് ഇത്തരം കാര്യങ്ങളില്‍ മുന്‍പും പ്രശ്നങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കത്തില്‍ ജോര്‍ദാന്‍ രാജകുമാരന്‍ പറയുന്നു. ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്നും ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഇതില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജോര്‍ദാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കൂടിയായ അലി ബിന്‍ അല്‍ ഹൊസൈന്‍ പറയുന്നു.
അതേ സമയം സൊഹറ കൗദി ജോര്‍ദാന്‍റെ വിമര്‍ശനത്തിനെതിരെ ശക്തമായി രംഗത്ത് എത്തി. വ്യാഴാഴ്ച ഈ വിഷയത്തില്‍ പ്രതികരിച്ച ഇവര്‍ ജോര്‍ദാന്‍ തന്നെ ബുള്ളിംയിഗ് ചെയ്യുകയാണെന്ന് ആരോപിച്ചു. ഞാന്‍ സ്ത്രീ തന്നെയാണ്. ജോര്‍ദാന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെ താന്‍ കേസ് നടത്തുമെന്ന് ഇവര്‍ ഒരു തുര്‍ക്കി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
അതേ സമയം ഞങ്ങളുടെ മെഡിക്കല്‍ സ്റ്റാഫ് ഒരോ കളിക്കാരെയും വിശദമായി പരിശോധിച്ച ശേഷമാണ് ദേശീയ ടീമില്‍ എടുക്കുന്നത്. ഇത്തരം ഒരു പ്രശ്നവും ഇതില്‍ ഉദിക്കുന്നില്ല. ഇതിനാല്‍ തന്നെ ഇത്തരം ആരോപണങ്ങളെ ഭയക്കുന്നില്ലെന്ന് ഇറാനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ഇസ്രയേല്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഷ്യന്‍ ഫുട്ബോള്‍ സംഘടന ജോര്‍ദാന്‍റെ ആരോപണത്തില്‍ സമയം മെനക്കെടുത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഏത് രേഖയും നല്‍കാന്‍ തയ്യാറാണെന്നും ഇറാനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു.
അതേ സമയം 2015 ല്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം ഇത്തരം ഒരു വിവാദം മുന്‍പും ഇറാനിയന്‍ വനിത ഫുട്ബോളിനെ ബാധിച്ചിരുന്നു. അന്നത്തെ റിപ്പോര്‍ട്ട് പ്രകാരം ഇറാനിയന്‍ ദേശീയ വനിത ടീമിലെ എട്ട് അംഗങ്ങള്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ പുരുഷന്മാരാണ് എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ഇറാനിയന്‍ ഫുട്ബോള്‍ അധികൃതര്‍ തന്നെ ഇത് സമ്മതിച്ചുവെന്ന റിപ്പോര്‍ട്ട് അന്ന് പുറത്തുവന്നിരുന്നു.
