മികച്ച മൈതാനത്തിനുള്ള പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം കരസ്‌ഥമാക്കി.
മുംബൈ: ഐഎസ്എല്ലില്‍ നിരാശപ്പെടുത്തിയ സീസണിനൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തേടി പുരസ്‌കാരം. മികച്ച മൈതാനത്തിനുള്ള പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയം കരസ്‌ഥമാക്കി. അഞ്ചാം സീസണില്‍ രണ്ട് മത്സരം മാത്രം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഫിഫ ലോകകപ്പിനായി ഒരുക്കിയ രാജ്യാന്തര നിലവാരത്തിലുള്ള ടര്‍ഫാണ് ഐഎസ്‌എല്‍ അംഗീകാരത്തിന് അര്‍ഹമായത്.
വീറും വാശിയും എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ട കലാശപ്പോരില്‍ എഫ്‌സി ഗോവയെ 1-0ന് വീഴ്‌ത്തി ബെംഗളൂരു എഫ്‌സി കിരീടമുയര്‍ത്തി. ഐഎസ്എല്‍ ചരിത്രത്തില്‍ ബെംഗളൂരു എഫ്‌സിയുടെ ആദ്യ കിരീടമാണിത്. കോര്‍ണറില്‍ നിന്ന് 117-ാം മിനുറ്റില്‍ രാഹുല്‍ ഭേക്കേ നേടിയ ബുള്ളറ്റ് ഹെഡറിലാണ് ബെംഗളൂരുവിന്‍റെ ജയം. കഴിഞ്ഞ തവണ ഫൈനലില്‍ ചെന്നൈയിനോട് ബെംഗളൂരു കിരീടം കൈവിട്ടിരുന്നു.
അഞ്ചാം സീസണിലെ എമേര്‍ജിംഗ് താരത്തിനുള്ള പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദിനാണ്. ഈ സീസണില്‍ 17 മത്സരങ്ങള്‍ കളിച്ച 21കാരന്‍ ഒരു ഗോള്‍ നേടിയിരുന്നു. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായി ഈ പുരസ്‌കാരം നേടിയത് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ തന്നെ സന്ദേശ് ജിംഗാനായിരുന്നു.
