കൊൽക്കത്ത: ഐഎസ്‌‌എല്ലിൽ ഹൈദരാബാദ് എഫ്‌സിക്ക് ഇന്ന് അരങ്ങേറ്റം. ഹൈദരാബാദ് വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ മുൻ ചാമ്പ്യൻമാരായ എടികെയെ നേരിടും.

പൂണെ സിറ്റി കെട്ടുംമട്ടും മാറിയാണ് ഇത്തവണ ഹൈദരാബാദ് എഫ്‌സിയെന്ന പേരിൽ ഐഎസ്‌എല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിന്‍റെ മക്കയായ കൊൽക്കത്തയിൽ ഹൈദരാബാദിനെ കാത്തിരിക്കുന്നത് മുറിവേറ്റ എടികെ. കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു ആദ്യ മത്സരത്തിൽ എടികെയുടെ തോൽവി.

റോയ് കൃഷ്ണ, മൈക്കൽ സൂസൈരാജ് സഖ്യത്തിലാണ് എടികെയുടെ പ്രതീക്ഷ. സസ്‌പെൻഷനിലായതിനാൽ ജോബി ജസ്റ്റിന് ഇന്നും കളിക്കാനാവില്ല. വിലക്ക് കഴിഞ്ഞെങ്കിലും അനസ് എടത്തൊടിക ആദ്യ ഇലവനിൽ എത്താനുള്ള സാധ്യത കുറവാണ്.

പൂണെയുടെ മിക്ക താരങ്ങളെയും നിലനിർത്തിയ ഹൈദരാബാദ് ബ്രസീലിയൻ സ്‌ട്രൈക്കർ ബോബോയെയാണ് ഉറ്റുനോക്കുന്നത്. മാർസലീഞ്ഞോ, റോബിൻ സിംഗ്, ആദിൽ ഖാൻ തുടങ്ങിയവരും ഹൈദരാബാദ് നിരയിലുണ്ട്. സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്ന എടികെയെ പിടിച്ചുകെട്ടുക ഹൈദരാബാദിന് എളുപ്പമാവില്ല.