ബെംഗളൂരു: ഐഎസ്‌എല്ലിൽ ഇന്ന് മുൻ ചാമ്പ്യൻമാരുടെ പോരാട്ടം. ബെംഗളൂരു എഫ്‌സി വൈകിട്ട് ഏഴരയ്ക്ക് ചെന്നൈയിൻ എഫ്‌സിയെ നേരിടും. ബെംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 

സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് നിലവിലെ ചാമ്പ്യൻമാരായ ബിഎഫ്‌സി ഇറങ്ങുന്നത്. ആദ്യ മൂന്ന് കളിയിലും ബെംഗളൂരു സമനില വഴങ്ങി. ഇതുവരെ ഒറ്റഗോൾ മാത്രം നേടിയ ബിഎഫ്‌സി ലീഗിൽ എട്ടാം സ്ഥാനത്താണ്. മൂന്ന് കളിയിൽ രണ്ടിലും തോറ്റ ചെന്നൈയിനും ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

അതേസമയം ഇന്നലത്തെ ജയത്തോടെ എടികെ ഒന്നാം സ്ഥാനത്തെത്തി. മുൻ ചാമ്പ്യൻമാർ ഒന്നിനെതിരെ മൂന്ന് ഗോളിന് ജംഷെഡ്പൂരിനെ തോൽപിച്ചു. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ റോയ് കൃഷ്ണയുടെ ഇരട്ടഗോൾ മികവിലാണ് എടികെയുടെ ജയം. 

57, 71 മിനിറ്റുകളിൽ പെനാൽറ്റിയിലൂടെ ആയിരുന്നു റോയ് കൃഷ്ണയുടെ ഗോളുകൾ. എഡു ഗാർസ്യയാണ് എടികെയുടെ മൂന്നാം ഗോൾ നേടിയത്. സെർജിയോ കാസ്റ്റലാണ് ജംഷെഡ്പൂരിന്‍റെ സ്‌കോറർ. ഏഴ് പോയിന്‍റുമായി ജംഷെഡ്പൂർ ലീഗിൽ നാലാം സ്ഥാനത്താണ്.