ബെംഗളുരു: ഐഎസ്എല്ലില്‍ ഇന്ന് ബെംഗളുരു എഫ്‌സിയും മുംബൈ സിറ്റിയും ഏറ്റുമുട്ടും. ബെംഗളുരുവിൽ വൈകിട്ട് 7.30നാണ് മത്സരം. സീസണിലെ മങ്ങിയ തുടക്കത്തിന് ശേഷം താളം വീണ്ടെടുത്ത ബെംഗളുരു ഏഴ് കളിയിൽ 13 പോയിന്‍റുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ്.

ഇന്ന് ജയിച്ചാൽ ബെംഗളുരുവിന് ഒന്നാമതെത്താം. ഏഴ് കളിയിൽ 7 പോയിന്‍റുള്ള മുംബൈ എട്ടാം സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിൽ തോൽപ്പിച്ച ശേഷം ഒരു കളി പോലും ജയിക്കാന്‍ മുംബൈക്ക് കഴിഞ്ഞിട്ടില്ല. സീസണിൽ തോൽവി അറിയാത്ത ഏക ടീമാണ് ബെംഗളുരു. സ്വന്തം തട്ടകത്ത് സീസണിൽ ഒരു ഗോള്‍ പോലും ബെംഗളുരു വഴങ്ങിയിട്ടുമില്ല. 

ഇന്നലെ നടന്ന മത്സരത്തില്‍ എടികെയെ തോൽപ്പിച്ച് എഫ്‌സി ഗോവ ഒന്നാം സ്ഥാനത്തെത്തി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഗോവയുടെ ജയം. ഗോവയിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ 6 മിനിറ്റിനിടെയാണ് മൂന്ന് ഗോളും പിറന്നത്. 64-ാം മിനിറ്റില്‍ മലയാളി താരം ജോബി ജസ്റ്റിന്‍ എടികെയ്ക്കാ‌യി വലകുലുക്കി. ഐഎസ്എല്ലില്‍ ജോബിയുടെ ആദ്യ ഗോളാണിത്.