ആദ്യ പകുതിയിലായിരുന്നു ഒഡീഷയുടെ ഇരു ഗോളുകളും. 37-ാം മിനുറ്റില്‍ ജെറിയും നാല് മിനുറ്റുകളുടെ ഇടവേളയില്‍ വിനിത് റായും വല ചലിപ്പിച്ചു.

ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സിക്ക് വീണ്ടും തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സിയാണ് ചെന്നൈയിനെ തറപറ്റിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കലിംഗ സ്റ്റേഡിയത്തില്‍ ഒഡീഷയുടെ ജയം. 

ആദ്യ പകുതിയിലായിരുന്നു ഒഡീഷയുടെ ഇരു ഗോളുകളും. 37-ാം മിനുറ്റില്‍ ജെറിയും നാല് മിനുറ്റുകളുടെ ഇടവേളയില്‍ വിനിത് റായും വല ചലിപ്പിച്ചു. ജയത്തോടെ 11 മത്സരങ്ങളില്‍ 15 പോയിന്‍റുമായി ഒഡീഷ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. അതേസമയം 10 കളിയില്‍ ഒന്‍പത് പോയിന്‍റ് മാത്രമുള്ള ചെന്നൈയിന്‍ 9-ാം സ്ഥാനക്കാരാണ്. സീസണില്‍ രണ്ട് ജയം മാത്രമാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്കുള്ളത്.

11 മത്സരങ്ങളില്‍ ആറ് ജയവും 21 പോയിന്‍റുമുള്ള എടികെയാണ് പോയിന്‍റ് പട്ടികയില്‍ തലപ്പത്ത്. ഇത്രതന്നെ മത്സരങ്ങളില്‍ തുല്യ പോയിന്‍റാണെങ്കിലും ഗോള്‍ശരാശരിയില്‍ പിന്നിലായ എഫ്‌സി ഗോവയാണ് രണ്ടാമത്. 19 പോയിന്‍റുമായി ബെംഗളൂരു എഫ്‌സി മൂന്നാം സ്ഥാനത്തും. ബുധനാഴ്‌ച നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഗോവ നേരിടും. ജയിച്ചാല്‍ ഗോവയ്‌ക്ക് ആദ്യ സ്ഥാനത്തെത്താം.