രണ്ട് തവണ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഗോവ തകര്‍ത്തത്

മഡ്‌ഗാവ്: സ്വന്തം തട്ടകത്തിലെ ഗോളടിയുടെ പെരുമ ഐഎസ്‌എല്‍ ആറാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തിലും കാത്ത് എഫ്‌സി ഗോവ. രണ്ട് തവണ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഗോവ തകര്‍ത്തത്. കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായ ചെന്നൈയിന് ഫത്തോഡ സ്റ്റേഡിയത്തില്‍ സീസണിലെ ആദ്യ മത്സരം കനത്ത നിരാശയായി. 

ആദ്യ പകുതിയില്‍ ഒരു ഗോളിന് ഗോവ മുന്നിലെത്തിയിരുന്നു. ഇന്ത്യന്‍ താരം ലെന്‍ ദുംഗലിന്‍റെ വക 30-ാം മിനുറ്റിലായിരുന്നു ഗോള്‍. 62-ാം മിനുറ്റില്‍ ജാക്കിചന്ദ് സിംഗിന്‍റെ പാസില്‍ കോറോയും 81-ാം മിനുറ്റില്‍ ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്‍റെ അസിസ്റ്റില്‍ കാര്‍ലോസ് പെനയും ഗോവയുടെ പട്ടിക തികച്ചു. ആക്രമണത്തില്‍ മുന്നിട്ടുനിന്ന ഗോവ അനായാസം വിജയം കൊയ്യുകയായിരുന്നു. 

ജയത്തോടെ ഗോള്‍ശരാശരിയുടെ ബലത്തില്‍ എഫ്‌സി ഗോവ പോയിന്‍റ് പട്ടികയില്‍ മുന്നിലെത്തി. ചെന്നൈയിന്‍ അവസാന സ്ഥാനക്കാരാണ്. ജംഷെഡ്‌പൂര്‍ എഫ്‌സി രണ്ടാം സ്ഥാനത്തും കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാമതും. നാളെ നടക്കുന്ന മത്സരത്തില്‍ കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിയെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ തട്ടകത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്.