ചെന്നൈ: ഐഎസ്എല്ലിൽ എഫ്‌സി ഗോവ ഇന്ന് മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴരയ്‌ക്ക് ചെന്നൈയിലാണ് മത്സരം. 18 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണിപ്പോൾ ഗോവ. ഇന്ന് സമനില നേടിയാലും എടികെയെ മറികടന്ന് ഗോവയ്‌ക്ക് ലീഗിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്താം. കോറോമിനാസ്, ബ്രാൻഡൻ ഫെർണാണ്ടസ് എന്നിവരുടെ മികവിലാണ് ഗോവയുടെ മുന്നേറ്റം. 

പുതിയ കോച്ച് ഓവൻ കോയലിന് കീഴിലിറങ്ങുന്ന ചെന്നൈയിൻ അവസാന നാല് മത്സരത്തിൽ തോൽവി അറിഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസവുമായാണ് ഇറങ്ങുന്നത്. എട്ട് കളിയിൽ ഒൻപത് പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്താണിപ്പോൾ ചെന്നൈയിൻ. വാൽസ്കിസ്, ലാലിയൻ സുവാല ചാംഗ്തേ എന്നിവരുടെ പ്രകടനത്തെയാണ് ചെന്നൈയിൻ ഉറ്റുനോക്കുന്നത്.

ഇന്നലെ നടന്ന സൂപ്പർ പോരാട്ടത്തിൽ എടികെ വിജയിച്ചു. മുൻ ചാമ്പ്യൻമാരായ എടികെ ഒറ്റഗോളിന് നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു എഫ്‌സിയെ തോൽപിച്ചു. നാൽപ്പത്തിയേഴാം മിനിറ്റിൽ ഡേവിഡ് വില്യംസാണ് എടികെയുടെ വിജയഗോൾ നേടിയത്. ജയത്തോടെ എടികെ ലീഗിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. ഐഎസ്എൽ ചരിത്രത്തിൽ ബെംഗളൂരുവിനെതിരെ എടികെയുടെ ആദ്യ ജയമാണ്. ഇതിന് മുൻപ് ഏറ്റുമുട്ടിയ നാല് കളിയിലും ബിഎഫ്സി ജയിച്ചിരുന്നു. സീസണിലെ രണ്ടാം തോൽവി നേരിട്ട ബെംഗളൂരു മൂന്നാം സ്ഥാനത്താണ്.