മഡ്‌ഗാവ്: ഐഎസ്എൽ ഫുട്ബോളില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്താന്‍ എഫ്‌സി ഗോവ നാളെ ഇറങ്ങും. ഹോം ഗ്രൗണ്ടിലെ മത്സരത്തിൽ ഹൈദരാബാദ് എഫ്‌സി ആണ് എതിരാളികള്‍. വൈകിട്ട് 7.30ന് കളി തുടങ്ങും.

നിലവില്‍ ഗോവയ്‌ക്കും എടികെയ്‌ക്കും 30 പോയിന്‍റ് വീതമെങ്കിലും ഗോള്‍ശരാശരിയിൽ എടികെ ആണ് ഒന്നാമത്. നാളെ സമനില നേടിയാലും ഗോവയ്‌ക്ക് മുന്നിലെത്താം. പരിശീലകന്‍ സെര്‍ജിയോ ലൊബേറോയെ അപ്രതീക്ഷിതമായി പുറത്താക്കിയ ശേഷം ഗോവയുടെ ആദ്യ മത്സരമാണിത്. 15 കളിയിൽ ആറ് പോയിന്‍റ് മാത്രമുളള ഹൈദരാബാദ് അവസാന സ്ഥാനത്താണ്.

ടീം മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും മാനേജ്‌മെന്‍റുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ലൊബേറോയെ പുറത്താക്കാന്‍ കാരണം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സഹപരിശീലകരായ ജീസസ് ടറ്റോ, മാനുവല്‍ സയാബെറ എന്നിവരെയും ക്ലബ് പുറത്താക്കി. കഴിഞ്ഞ സീസണില്‍ ലൊബേറോക്ക് കീഴില്‍ ഐസ്എല്‍ കലാശപ്പോരിന് യോഗ്യത നേടിയപ്പോള്‍ ഗോവ സൂപ്പര്‍ കപ്പില്‍ കിരീടമുയര്‍ത്തി.

മൂന്നാം സീസണിലാണ് ലൊബേറോ ടീമിനൊപ്പം പ്രവര്‍ത്തിച്ചിരുന്നത്. ബ്രസീലിയന്‍ ഇതിഹാസം സീക്കോയില്‍ നിന്നാണ് 2017-18 സീസണില്‍ ലൊബേറോ പരിശീലകസ്ഥാനം ഏറ്റെടുത്തത്. ലൊബേറോക്ക് കീഴില്‍ ഇതുവരെ കളിച്ച 56 മത്സരങ്ങളില്‍ 29 വിജയവും 11 സമനിലയും ക്ലബിന് നേടാനായപ്പോള്‍ 16 മത്സരങ്ങളിലാണ് പരാജയമറിഞ്ഞത്. 110 ഗോളുകള്‍ ഇക്കാലയളവില്‍ ടീം അടിച്ചുകൂട്ടി.