മഡ്‌ഗാവ്: ഐഎസ്എല്ലിൽ എഫ്‌സി ഗോവ ഇന്ന് ജംഷെഡ്പൂർ‍ എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. നാല് കളിയിൽ എട്ട് പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് ഗോവ. ഏഴ് പോയിന്‍റുള്ള ജംഷെഡ്പൂർ അഞ്ചാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാൽ ഗോവ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തും. സീസണിൽ ഇതുവരെ ഗോവ തോൽവി അറിഞ്ഞിട്ടില്ല. വിലക്ക് നേരിടുന്ന ഹ്യൂഗോ ബൗമസും ഡൗൻഗലും ഇല്ലാതെയാവും ഗോവ കളിക്കുക. 

ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സി നാടകീയ ജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളിന് ഹൈദരാബാദ് എഫ് സിയെ തോൽപിച്ചു. ഇഞ്ചുറി ടൈമിലായിരുന്നു മൂന്ന് ഗോളും പിറന്നത്. സീസണില്‍ ചെന്നൈയിൻറെ ആദ്യ ജയമാണിത്. നാല് പോയിന്‍റുമായി ചെന്നൈയിൻ ഒൻപതാം സ്ഥാനത്തേക്ക് കയറിയപ്പോൾ മൂന്ന് പോയിന്‍റുമായി ഹൈദരാബാദ് അവസാന സ്ഥാനത്തേക്ക് വീണു.