ഹൈദരാബാദ്: ഐഎസ്എല്ലില്‍ തലപ്പത്ത് എത്താനുള്ള എടികെയുടെ മോഹങ്ങള്‍ക്ക് ഹൈദരാബാദ് എഫ്‌സിയുടെ കുടുക്ക്. സീസണില്‍ തങ്ങളുടെ ഒന്‍പതാം മത്സരത്തില്‍ എടികെയെ ഹൈദരാബാദ് സമനിലയില്‍ തളയ്‌ക്കുകയായിരുന്നു. ഇരു ടീമും രണ്ട് ഗോള്‍ നേടി. 

പതിനഞ്ചാം മിനുറ്റില്‍ റോയ് കൃഷ്‌ണയുടെ പെനാല്‍റ്റിയില്‍ എടികെ മുന്നിലെത്തിയിരുന്നു. എന്നാല്‍ 39, 85 മിനുറ്റുകളില്‍ ബാബോയിലൂടെ ഹൈദരാബാദ് തിരിച്ചടിച്ചു. എടികെ തോല്‍ക്കുമെന്ന ഘട്ടത്തില്‍ 90-ാം മിനുറ്റില്‍ റോയ് കൃഷ്‌ണയുടെ ഗോള്‍ വീണ്ടും രക്ഷയ്‌ക്കെത്തി. ഇതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. സീസണില്‍ കൃഷ്‌ണയുടെ എട്ടാം ഗോളാണിത്. 

ഒന്‍പത് കളിയില്‍ 16 പോയിന്‍റുമായി ബെംഗളൂരു എഫ്‌സിയാണ് പട്ടികയില്‍ തലപ്പത്ത്. 15 പോയിന്‍റുള്ള എടികെ രണ്ടാം സ്ഥാനത്താണ്. എന്നാല്‍ അഞ്ച് പോയിന്‍റ് മാത്രമുള്ള ഹൈദരാബാദ് അവസാന സ്ഥാനക്കാരാണ്. നാളെ നടക്കുന്ന മത്സരത്തില്‍ എഫ്‌സി ഗോവ, ഒഡീഷ എഫ്‌സിയെ നേരിടും. ഗോവയുടെ തട്ടകത്തിലാണ് മത്സരം.