കൊച്ചി: ഐഎസ്എല്‍ ആറാം സീസണിലെ വിജയത്തുടക്കം പിന്നീടുള്ള കളികളിൽ ആവർത്തിക്കാതിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ ആരാധകരും കൈവിടുകയാണ്. കൊച്ചിയിൽ 12,772 പേർ മാത്രമാണ് ജംഷ‌ഡ്‌പൂരിനെതിരായ കളികാണാൻ എത്തിയത്. അതേസമയം ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിലായിട്ടും സമനില നേടാനായത് മഞ്ഞപ്പടയുടെ പ്രതീക്ഷയുയർത്തുന്നുണ്ട്.

സീസണിന്‍റെ കിക്കോഫില്‍ എടികെ‌യ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയപ്പോള്‍ മുപ്പത്തിയാറായിരത്തിലധികം കാണികളാണ് സ്റ്റേഡിയത്തിൽ നിറഞ്ഞത്. എന്നാൽ ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാം ഹോം മാച്ച് എത്തിയപ്പോഴേക്കും കാണികളുടെ എണ്ണം പതിമൂവായിരത്തില്‍ താഴെയായി. തുടർപരാജയങ്ങളും സമനിലകളുമാണ് ഗാലറിയെ ദുർബലമാക്കിയതെന്ന് ആരാധകർ പറയുന്നു.

ഇനി കളി കാണാനില്ലെന്ന് പറഞ്ഞ് നിരാശയോടെ മടങ്ങുന്ന നിരവധി മുഖങ്ങളാണ് മുന്‍ മത്സരങ്ങളില്‍ കണ്ടത്. എന്നാല്‍, രണ്ടാം പകുതിയിൽ മെസി ബൗളിയിലൂടെ ടീം സമനില കണ്ടെത്തിയതോടെ ഇനിയുള്ള കളികളിൽ പ്രതീക്ഷയർപ്പിക്കുന്നു ആരാധകർ. മഞ്ഞപ്പടയുടെ മാച്ച് കൊച്ചിയിലിരുന്ന് തന്നെ കാണണമെന്ന് തീരുമാനിച്ച് വിമാനം കയറിയെത്തിയ പ്രവാസികളും അടുത്ത കളിക്കായുള്ള കാത്തിരിപ്പിലാണ്. 

ബ്ലാസ്റ്റേഴ്‌സിനെ കാത്ത് മെസി ബൗളി

ഐഎസ്എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- ജംഷഡ്പൂര്‍ എഫ്‌സി മത്സരം കൊച്ചിയിൽ സമനിലയിൽ അവസാനിച്ചു. ഇരുടീമും രണ്ട് ഗോള്‍ വീതം നേടി. 71-ാം മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നിട്ടുനിന്ന ജംഷഡ്പൂരിനെതിരെ മെസി ബൗളി നേടിയ ഇരട്ടഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തിയത്. ബ്ലാസ്റ്റേഴ്‌സ് മുന്‍ താരം സി കെ വിനീത് ജംഷഡ്പൂരിനായി ഗോള്‍ നേടി.