കൊച്ചി: ഐഎസ്എ‌ല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിലേക്ക് തിരിച്ചെത്തുമെന്ന് മലയാളി താരം കെ. പ്രശാന്ത്. മറ്റന്നാള്‍ എഫ്‌സി ഗോവക്കെതിരെ കൊച്ചിയില്‍ നടക്കുന്ന മത്സരം കടുക്കുമെങ്കിലും മഞ്ഞപ്പട ജയിക്കുമെന്നും പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഗോവക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്‍റെ സാധ്യതകള്‍

"ഞങ്ങള്‍ ഫോമിലാണ് കളിക്കുന്നത്. എന്നത്തെയും പോലെ ആരാധകരാണ് തങ്ങളുടെ കരുത്ത്. ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഞങ്ങളെപ്പോലെ മഞ്ഞപ്പട ആരാധകരും വിശ്വസിക്കുന്നു. അവരുടെ പിന്തുണ കൂടുതല്‍ ഊര്‍ജം നല്‍കുന്നു. ഗോവ കഴിഞ്ഞ സീസണില്‍ ഫൈനിലെത്തിയ ടീമാണ്. മിക്ക സീസണിലും സെമിയിലെത്തിയിട്ടുണ്ട്. മികച്ച ടീമാണ് അവര്‍ക്ക് ഈ സീസണില്‍, മികച്ച താരങ്ങളുണ്ട്. എന്നാല്‍ അവര്‍ക്കായുള്ള പദ്ധതികള്‍ പരിശീലകന്‍ ഷറ്റോരി തയ്യാറാക്കിയിട്ടുണ്ട്".

ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം

"ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം ജയിക്കേണ്ടതായിരുന്നു. ഗാലറിയില്‍ 75 ശതമാനത്തോളം മഞ്ഞപ്പട ആരാധകരായിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് വിജയം നല്‍കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടായി. ടീമിലെ മലയാളി താരങ്ങള്‍ തമ്മില്‍ വലിയ ആത്മബന്ധമാണുള്ളത്. ഒഡീഷക്കെതിരെ ആറ് മലയാളികള്‍ കളിച്ചത് അഭിമാനമുണ്ടാക്കി. പരിക്ക് ടീം കോമ്പിനേഷന് തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍ കളിക്കാനിറങ്ങുന്നവരെല്ലാം 100 ശതമാനം ആത്മാര്‍ത്ഥതയോടെ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ. പരിക്കിലുള്ള താരങ്ങള്‍ തിരിച്ചെത്തിയാല്‍ നിലവിലേക്കാള്‍ മൂന്നിരിട്ടി മികച്ച പ്രകടനം നമുക്ക് കാണാന്‍ കഴിയും"- കെ. പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.