കൊച്ചി: ഐഎസ്എല്‍ ആറാം സീസണിന് കൊച്ചിയില്‍ ഗംഭീര കിക്കോഫ്. സീസണിലെ ആദ്യ ഗോള്‍ ആറാം മിനുറ്റില്‍ കുറിച്ച എടികെയ്‌ക്ക് 30, 45 മിനുറ്റുകളില്‍ നായകന്‍ ബെര്‍ത്തലോമിയോ ഓഗ്‌ബെച്ചേയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ചുട്ട മറുപടി കൊടുത്തു. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് 2-1ന് മുന്നില്‍ നില്‍ക്കുകയാണ്. 

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ മഞ്ഞപ്പ ആരാധകര്‍ക്ക് നിരാശ നല്‍കി ആറാം മിനുറ്റില്‍ എടികെ ആദ്യ ഗോള്‍ നേടി. ആഗസിന്‍റെ പാസില്‍ നിന്ന് മക്‌ഹ്യൂവിന്‍റെ തകര്‍പ്പന്‍ വോളി ബിലാലിനെ മറികടന്ന് വലയില്‍. 16-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് അടുത്ത തിരിച്ചടിയായി ജയേഷ് റാണെയ്‌ക്ക് മഞ്ഞക്കാര്‍ഡ്. 22-ാം മിനുറ്റില്‍ എടികെ താരം റോയ് കൃഷ്‌മയുടെ ഒറ്റയാന്‍ മുന്നേറ്റം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ വിറപ്പിച്ചു. പിന്നാലെ ബ്ലാസ്റ്റേഴ്‌സിന് കാര്യമായ ചലനവുമുണ്ടാക്കാനായില്ല.

എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് താരം ജെയ്‌റോ റോഡ്രിഗസിനെ ഹാല്‍ഡര്‍ വീഴ്‌ത്തിയതോടെ റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ചൂണ്ടി. ബ്ലാസ്റ്റേഴ്‌സ് പ്രതികാരം ചെയ്തു. ഒഗ്‌ബെച്ചേയെടുത്ത പെനാല്‍റ്റി എടികെ ഗോളി അരിന്ദമിനെ മറികടന്ന് വലയില്‍. ഇതോടെ ഗോള്‍നില 1-1. 45-ാം മിനുറ്റില്‍ ഓഗ്‌ബെച്ചേ കലൂരിലെ കാണികളെ വീണ്ടും ആവേശത്തിലാക്കി. കോര്‍ണറില്‍ നിന്ന് കിട്ടിയ പന്ത് തീയുണ്ട പോലെ വലയെ ഭേദിച്ചതോടെ നിര്‍ണായകമായ ലീഡ്(2-1) നേടിയ മഞ്ഞപ്പട ഇടവേളയ്‌ക്ക് പിരിഞ്ഞു. 

ഒരു മലയാളി താരത്തെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. പ്രശാന്താണ് ഇലവനില്‍ ഇടംപിടിച്ച മലയാളി താരം. മലയാളി താരങ്ങളായ സഹല്‍ അബ്‌ദുള്‍ സമദും രാഹുല്‍ കെപിയും ഷിബിന്‍രാജ് കുന്നിയിലും പകരക്കാരുടെ നിരയിലാണ്. മലയാളി ഗോളി ടി പി രഹനേഷിന് പരിക്കേറ്റതോടെ ബിലാല്‍ ഖാന്‍ ആണ് ഗോള്‍വല കാക്കുന്നത്.