ചെന്നൈ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ആദ്യ പകുതിയില്‍ ചെന്നൈയിന്‍ എഫ്‌സിയുടെ ഗോള്‍മഴ. 45 മിനുറ്റ് പൂര്‍ത്തിയാകുമ്പോള്‍ ചെന്നൈയിന്‍ മൂന്ന് ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ വലയിലെത്തിച്ചത്. ബ്ലാസ്റ്റേഴ്‌സിന്‍റെ മറുപടി ഒരു ഗോളില്‍ ഒതുങ്ങി.

ചെന്നൈയിന്‍ സ്വന്തം തട്ടകത്തില്‍ നാലാം മിനുറ്റില്‍തന്നെ മുന്നിലെത്തി. ആന്ദ്രേയാണ് മലയാളി ഗോളി ടി പി രഹനേഷിനെ മറികടന്ന് ചെന്നൈയിനെ മുന്നിലെത്തിച്ചത്. എന്നാല്‍ പരിക്ക് മാറിയെത്തിയ നായകന്‍ ബെര്‍ത്തലോമ്യ ഒഗ്‌ബെച്ചേയിലൂടെ 14-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. പക്ഷേ, മുപ്പതാം മിനുറ്റില്‍ ചാങ്തേയും 40-ാം മിനുറ്റില്‍ വാല്‍സ്‌കിസും വലകുലുക്കിയതോടെ ചെന്നൈയിന്‍റെ ലീഡോടെ(3-1) ഇടവേളക്ക് പിരിയുകയായിരുന്നു.

സീസണിലെ 9-ാം മത്സരത്തില്‍ നായകന്‍ ഒഗ്‌ബെച്ചേയുടെ തിരിച്ചുവരാണ് ശ്രദ്ധേയം. എന്നാല്‍ മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദിനെ ആദ്യ ഇലവനില്‍ ബ്ലാസ്റ്റേഴ്‌സ് ഇറക്കിയില്ല. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെയ്‌ക്ക് എതിരെ നേടിയ ഏക വിജയം മാത്രമാണ് സീസണില്‍ എടുത്തു പറയാനുള്ളത്. നിലവില്‍ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് ഏഴ് പോയിന്റുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.