മഡ്‌ഗാവ്: ഐഎസ്എല്ലിൽ കരുത്തരായ എഫ്‌സി ഗോവക്കെതിരെ മൂന്ന് മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ്. സെര്‍ജി സിഡോഞ്ച ആദ്യ ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ സഹല്‍ അബ്‌ദുള്‍ സമദിന് സ്ഥാനമില്ല. നിര്‍ണായക പോരില്‍ ടി പി രഹനേഷ് മാത്രമാണ് ഇലവനിലുള്ള മലയാളി. ഇന്നത്തെ മത്സരം ജയിക്കാതെ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് നിലനില്‍പില്ല. 

വൈകിട്ട് ഏഴരയ്‌ക്ക് ഗോവയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 13 കളിയിൽ മൂന്ന് ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് 14 പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്ത്. ഇനിയുള്ള എല്ലാ കളിയും ജയിക്കുകയും മറ്റുള്ളവരുടെ ജയപരാജയങ്ങളെയും ആശ്രയിച്ചായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യത. അവസാന മത്സരത്തിൽ ജംഷെഡ്പൂരിനെതിരെ സെൽഫ്ഗോൾ വഴങ്ങി തോറ്റതാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾക്ക് പ്രഹരമായത്. 

ഗോവയ്‌ക്കെതിരെ തോറ്റാൽ പിന്നെയെല്ലാം ചടങ്ങുതീ‍ർക്കലാവും ബ്ലാസ്റ്റേഴ്‌സിന്. ചെന്നൈയിൻ, നോർത്ത് ഈസ്റ്റ്, ബെംഗളൂരു, ഒഡീഷ എന്നിവരാണ് ശേഷിച്ച എതിരാളികൾ. ഹോം ഗ്രൗണ്ടിൽ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തുകയാണ് ഗോവയുടെ ലക്ഷ്യം. 13 കളിയിൽ 24 പോയിന്റുമായി മൂന്നാംസ്ഥാനത്താണിപ്പോൾ ഗോവ. 25 പോയിന്റുള്ള ബെംഗളൂരുവാണ് ഒന്നാംസ്ഥാനത്ത്. കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഗോവയും ബ്ലാസ്റ്റേഴ്‌സും രണ്ടുഗോൾ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു.