മലയാളിയായ സഹല്‍ അബ്‌ദുള്‍ സമദിന്‍റെ പാസില്‍ നിന്നാണ് രാഹുലിന്‍റെ ഗംഭീര ഫിനിഷിംഗ്

ഹൈദരാബാദ്: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയുടെ നെഞ്ച് പിളര്‍ന്ന് 34-ാം മിനുറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം കെ പി രാഹുലിന്‍റെ മിന്നും ഗോള്‍. മറ്റൊരു മലയാളിയായ സഹല്‍ അബ്‌ദുള്‍ സമദിന്‍റെ പാസില്‍ നിന്നാണ് രാഹുലിന്‍റെ ഗംഭീര ഫിനിഷിംഗ്. ആദ്യ പകുതി പൂര്‍ത്തിയാകാന്‍ മിനുറ്റുകള്‍ മാത്രം ശേഷിക്കേ ബ്ലാസ്റ്റേഴ്‌സ് 1-0ന് മുന്നിലാണ്. 

ആദ്യ എവേ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരെ നാല് മലയാളി താരങ്ങളെ ഉള്‍പ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ ഗോള്‍വലയ്‌ക്ക് മുന്നില്‍ ടി പി രഹനേഷ് അരങ്ങേറ്റം കുറിച്ചു. ഐഎസ്എല്ലില്‍ രഹനേഷിന്‍റെ 50-ാം മത്സരം കൂടിയാണിത്. സീസണില്‍ ആദ്യമായി സഹല്‍ അബ്‌ദുള്‍ സമദ് ആദ്യ ഇലവനിലെത്തി. കെ പി രാഹുലും കെ പ്രശാന്തുമാണ് സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തിയ മറ്റ് മലയാളികള്‍. 

ഇന്ന് ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് ആദ്യ നാല് സ്ഥാനങ്ങളിലേക്ക് തിരിച്ചെത്താം. എടികെയെ തകര്‍ത്ത് സീസൺ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ മുംബൈ എഫ്‌സിയോട് തോറ്റിരുന്നു. രണ്ട് കളിയിൽ മൂന്ന് പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ജംഷഡ്പൂരിനും എടികെയ്‌ക്കും എതിരെ കനത്ത തോൽവി വഴങ്ങിയ ഹൈദരാബാദ് നിലവില്‍ ലീഗില്‍ അവസാന സ്ഥാനത്താണ്.