കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ അഞ്ചാം ഹോം മത്സരം. ലീഗിൽ മുന്നിലെത്താൻ ശ്രമിക്കുന്ന ജംഷഡ്‌പൂർ എഫ്‌സിയാണ് വൈകിട്ട് 7.30ന് തുടങ്ങുന്ന മത്സരത്തിൽ എതിരാളികള്‍. ജംഷഡ്പൂര്‍ നിരയിലെ ബ്ലാസ്റ്റേഴ്‌സ് മുന്‍ താരം സി കെ വിനീത് ആകും മത്സരത്തിലെ ശ്രദ്ധാകേന്ദ്രം.

ഒക്‌ടോബര്‍ 20ലെ ഉദ്ഘാടനമത്സരത്തിൽ എടികെയെ തോൽപ്പിച്ചശേഷം ഒരു കളി പോലും ജയിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല. ഏഴ് കളിയിൽ ആറ് പോയിന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് നിലവില്‍ എട്ടാം സ്ഥാനത്താണ്. 12 പോയിന്‍റുമായി നാലാം സ്ഥാനത്തുള്ള ജംഷഡ്പൂരിന് ഇന്ന് ജയിച്ചാൽ ഒന്നാം സ്ഥാനത്തേക്ക് ഉയരാം.

മികച്ച കളി പുറത്തെടുക്കാന്‍ മാത്രമായാണ് കൊച്ചിയിൽ എത്തിയതെന്ന് ജംഷഡ്പൂരിന്‍റെ മലയാളിതാരം സി കെ വിനീത് പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ എങ്ങനെ വരവേല്‍ക്കുമെന്നതിനെ കുറിച്ച് ആശങ്കയില്ലെന്നും വിനീത് പറഞ്ഞു.