കൊച്ചി: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് പത്താം മത്സരം. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ പോയിന്‍റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇനിയുള്ള മത്സരങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സിന് നിർണായകമാണ്.

ഒന്‍പത് മത്സരങ്ങളിൽ ഒന്നില്‍ മാത്രം വിജയിക്കാനായ കൊമ്പൻമാർ പോയിന്‍റ് പട്ടികയിൽ 9-ാം സ്ഥാനത്താണ്. ഇനി അവശേഷിക്കുന്നതും ഒന്‍പത് മത്സരങ്ങൾ. പ്ലേ ഓഫ് സാധ്യതകൾ സജീവമാകണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ എട്ടെണ്ണത്തിലെങ്കിലും വിജയിക്കണം. പരുക്കിന്‍റെ പിടിയിലായ പ്രധാന താരങ്ങൾ സുഖം പ്രാപിക്കുന്നതാണ് കോച്ച് എൽകോ ഷാട്ടോറിയുടെ പ്രതീക്ഷകൾ ഇപ്പോഴും സജീവമാക്കി നിർത്തുന്നത്.

ബ്ലാസ്റ്റേഴ്‌സിന് സമാനം നോർത്ത് ഈസ്റ്റിന്‍റെ പ്രകടനം

എട്ട് കളികളിൽ രണ്ടെണ്ണം ജയിച്ച് ആറാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. ഘാനയുടെ സൂപ്പർതാരമായിരുന്ന അസമാവോയ്‌ക്കടക്കം പരുക്കേറ്റതാണ് നോർത്ത് ഈസ്റ്റിനെ വലയ്ക്കുന്നത്. അവസാനം കളിച്ച രണ്ട് മത്സരത്തിൽ നോർത്ത് ഈസ്റ്റ് പരാജയപ്പെട്ടു. അതിനാൽ കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ സ്വന്തം മൈതാനത്ത് വിജയ വഴിയിൽ തിരിച്ചെത്തുന്നതിനാണ് എൽകോയുടെ പഴയ ശിഷ്യൻമാരും ലക്ഷ്യമിടുന്നത്. വൈകിട്ട് 7.30ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് പോരാട്ടം.

അതേസമയം സീസണില്‍ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫിലെത്താന്‍ കഴിയുമെന്ന് പരിശീലകന്‍ എൽക്കോ ഷാറ്റോറി വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തിലെ തോൽവിയില്‍ നിന്ന് തിരിച്ചുവരാനാണ് ഇപ്പോള്‍ ശ്രമം. എടികെ, ഗോവ, ബെംഗളൂരു ടീമുകള്‍ക്കെതിരെ മത്സരമുണ്ട്. ടീം താളം കണ്ടെത്തുകയും ഭാഗ്യം തുണയ്ക്കുകയും ചെയ്താൽ ബ്ലാസ്റ്റേഴ്സിന് ആദ്യ നാല് സ്ഥാനങ്ങളിലെത്താമെന്നും ഷാറ്റോറി പറഞ്ഞു.