മുംബൈ: ഐഎസ്എല്‍ പ്ലേ ഓഫ് മത്സരങ്ങളുടെ ഫിക്‌സ്‌ചർ പുറത്തിറക്കി. ആദ്യപാദ സെമിഫൈനൽ ഫെബ്രുവരി ഇരുപത്തിയൊൻപതിനും മാ‍ർച്ച് ഒന്നിനും രണ്ടാപാദ സെമിഫൈനൽ മാർച്ച് ഏഴിനും എട്ടിനും നടക്കും. മാർച്ച് 14നാണ് ഫൈനൽ. ഫൈനൽ നടക്കുന്ന വേദി പിന്നീട് പ്രഖ്യാപിക്കും. ആരാധക പങ്കാളിത്തം പരിഗണിച്ച് ശനി, ഞായര്‍ ദിവസങ്ങളിലായാണ് നോക്കൗട്ട് മത്സരങ്ങള്‍ നടക്കുക. 

പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന ആദ്യ നാല് ടീമുകളാണ് സെമിയിലെത്തുക. നിലവിൽ എടികെ(27 പോയിന്‍റ്), എഫ് സി ഗോവ(27 പോയിന്‍റ്), നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു എഫ് സി(25 പോയിന്‍റ്) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. 

നോര്‍ത്ത് ഈസ്റ്റിനെ വീഴ്‌ത്തി എടികെ തലപ്പത്ത്

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവസാന മിനിറ്റിലെ ഗോളില്‍ വീഴ്‌ത്തിയാണ് എടികെ തലപ്പത്തെത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് എടികെയുടെ ജയം. പകരക്കാരനായി ഇറങ്ങിയ ബല്‍വന്ത് സിംഗ് ആണ് ഹെഡര്‍ ഗോളിലൂടെ ഇഞ്ചുറി ടൈമില്‍ കൊല്‍ക്കത്തയ്‌ക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്.

വീണ്ടും തലകുനിച്ച് കൊമ്പന്‍മാര്‍

അതേസമയം ഇക്കുറിയും കടംവീട്ടാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സ്. എഫ്‌സി ഗോവയോട് അവരുടെ തോറ്റതോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതീക്ഷകള്‍ അവസാനിച്ചത്. രണ്ടാം പകുതിയിലെ ഇരട്ട ഗോളില്‍ ആവേശസമനില പിടിച്ച ശേഷമാണ് മഞ്ഞപ്പട കളി കൈവിട്ടത്. ഫത്തോഡ സ്റ്റേഡിയത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഗോളടിവീരന്‍മാരായ ഗോവയുടെ വിജയം. പതിനാല് മത്സരങ്ങളില്‍ 14 പോയിന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്.