കൊച്ചി: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ്-മുംബൈ എഫ്‌സി പോരാട്ടത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതം. ബ്ലാസ്റ്റേഴ്സിനെ അപേക്ഷിച്ച് കൂടുതല്‍ ആസൂത്രിതമായി കളിച്ച മുംബൈ ആണ് ആദ്യപകുതിയില്‍ ആധിപത്യം നേടിയത്. ഗോളടിക്കാനുള്ള നിരവധി സുവര്‍ണാവസരങ്ങളും അവര്‍ തുറന്നെടുത്തു.

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ മുംബൈ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു. ചെര്‍മിറ്റിയെ, സുവര്‍ലോണ്‍ പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് പെനല്‍റ്റിക്കായി മുംബൈ താരങ്ങള്‍ അലറിവിളിച്ചെങ്കിലും റഫറി വഴങ്ങിയില്ല. പിന്നീട് വ്യക്തമായ ഗെയിം പ്ലാനോടെ കളിച്ച മുംബൈ ഗ്രൗണ്ടില്‍ കൂടുതല്‍ ഒത്തിണക്കം കാട്ടി. പന്തടക്കത്തിലും പാസിംഗിലും മുംബൈ തന്നെയാണ് മുന്നിട്ടു നിന്നത്.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ലീഡ് നേടാന്‍  ബ്ലാസ്റ്റേഴ്സിന് രണ്ട് സുവര്‍ണാവസരങ്ങള്‍ ലഭിച്ചു. ബോക്സിന് പുറത്തുനിന്നെടുത്ത ഫ്രീകിക്കില്‍ ജെയ്റെ റോഡ്രിഗ്സിന്റെ മിന്നല്‍ ഹെഡ്ഡര്‍ മുംബൈ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിംഗ് അവിശ്വസനീയമായി രക്ഷപ്പെടുത്തി.

തൊട്ടുപിന്നാലെ ലഭിച്ച കോര്‍ണര്‍ കിക്കില്‍ തലവെച്ചാല്‍ ഗോളാവുമെന്ന പാകത്തില്‍ വന്ന പന്തില്‍ കൈകൊണ്ട് തട്ടിയിടാന്‍ ശ്രമിച്ച ബ്ലാസ്റ്റേഴ്സിന്റെ മൗഹമ്മൂദു അവസരം പാഴാക്കി. ഒപ്പം മഞ്ഞക്കാര്‍ഡും വാങ്ങി.