മുംബൈ: ഐഎസ്എല്ലില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ബെംഗളൂരു എഫ് സി ഇന്നിറങ്ങും. മുംബൈ സിറ്റിയാണ് ബെംഗളൂരുവിന്‍റെ എതിരാളികള്‍. വൈകിട്ട് 7.30ന് മുംബൈയിലാണ് മത്സരം. നിലവില്‍ 22 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ബെംഗളൂരു എഫ്‌സി.

നിലവില്‍ 24 പോയിന്‍റുള്ള ഗോവയെ ഇന്ന് ജയിച്ചാൽ ബെംഗളൂരുവിന് മറികടക്കാം. 12 കളിയിൽ 16 പോയിന്‍റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് മുംബൈ സിറ്റി. ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുകയാകും മുംബൈയുടെ ലക്ഷ്യം.

ചെന്നൈയിന്‍ ജയിച്ചു, 'പണികിട്ടി' ബ്ലാസ്റ്റേഴ്‌സ്

ഇന്നലെ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് ചെന്നൈയിന്‍ എഫ്‌സി തോൽപിച്ചു. രണ്ടാം പകുതിയിൽ രണ്ട് മിനിറ്റിനിടെയാണ് ചെന്നൈയിന്‍ ഇരു ഗോളും നേടിയത്. 12 കളിയിൽ 15 പോയിന്‍റുമായി ചെന്നൈയിന്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. 

ചെന്നൈയിന്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ 14 പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജംഷഡ്പൂരിനും ബ്ലാസ്റ്റേഴ്‌സിനും എതിരെയാണ് ചെന്നൈയിന്‍റെ അടുത്ത മത്സരങ്ങള്‍. 11 കളിയിൽ 11 പോയിന്‍റുളള നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാം സ്ഥാനത്താണ്.