ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ശക്തമായ ഗുവാഹത്തിയിൽ ഇന്ന് ഐഎസ്എൽ മത്സരം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിന്‍ എഫ്‌സിയും നേര്‍ക്കുനേര്‍ വരും. രാത്രി 7.30നാണ് മത്സരം തുടങ്ങേണ്ടത്. ഇരുടീമുകളും സീസണിലെ എട്ടാം മത്സരമാണ് കളിക്കുന്നത്.

ഏഴ് കളിയിൽ നോര്‍ത്ത് ഈസ്റ്റിന് 10ഉം ചെന്നൈയിന് ആറും പോയിന്‍റാണ് നിലവില്‍ ഉള്ളത്. ഇന്നലെ ഗുവാഹത്തിയിൽ നടക്കേണ്ട പരിശീലകരുടെ വാര്‍ത്താസമ്മേളനം റദ്ദാക്കിയിരുന്നു. ഇന്ന് അസമിൽ ഉൾഫ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുവാഹത്തിൽ നിരോധനാ‍‍ജ്ഞ പ്രഖ്യാപിച്ചിക്കുകയാണ്. മത്സരം നടക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. 

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുകയാണ്. അസമിലും ത്രിപുരയിലും പ്രക്ഷോഭവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. ഇരു സംസ്ഥാനങ്ങളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അസമിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പ്രക്ഷോഭകാരികള്‍ തീയിട്ടു. പാണിട്ടോല, ചബുവ റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് തീയിട്ടത്. ഇരു സംസ്ഥാനങ്ങളിലും നൂറുകണക്കിന് വാഹനങ്ങള്‍ക്കും തീയിട്ടു. ദേശീയ, സംസ്ഥാന പാതകള്‍ പ്രക്ഷോഭകാരികള്‍ തടഞ്ഞു.