ഐഎസ്എല്‍ പോയിന്‍റ് പട്ടികയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഏഴാം സ്ഥാനക്കാരും ഒഡീഷ എഫ്‌സി എട്ടാമതുമാണ്

ഗുവാഹത്തി: ഐഎസ്എല്ലില്‍ ആദ്യജയം തേടി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഒഡീഷ എഫ്‌സിയും ഇന്നിറങ്ങും. നോര്‍ത്ത് ഈസ്റ്റ് തട്ടകമായ ഗുവാഹത്തിയിൽ രാത്രി 7.30നാണ് മത്സരം. 

ഇരുടീമുകള്‍ക്കും സീസണിലെ രണ്ടാം മത്സരമാണ്. നോര്‍ത്ത് ഈസ്റ്റ് നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരുവിനെ സമനിലയിൽ തളച്ചപ്പോള്‍ ഒഡീഷ, ജംഷഡ്പൂര്‍ എഫ്‌സിയോട് തോറ്റിരുന്നു. സീസണില്‍ ആദ്യമായാണ് നോര്‍ത്ത് ഈസ്റ്റ് ഗുവാഹത്തിയിൽ കളിക്കുന്നത്. 

ഐഎസ്എല്‍ പോയിന്‍റ് പട്ടികയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഏഴാം സ്ഥാനക്കാരും ഒഡീഷ എഫ്‌സി എട്ടാമതുമാണ്. രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്‍റുള്ള എടികെയാണ് ഒന്നാം സ്ഥാനത്ത്. ഗോള്‍ശരാശരിയോടെയാണ് എടികെ തലപ്പത്തെത്തിയത്. എഫ്‌സി ഗോവ രണ്ടാമതും ജെംഷഡ്പൂര്‍ എഫ്‌സി മൂന്നാം സ്ഥാനക്കാരുമാണ്.

ഇന്നലെ നടന്ന മത്സരത്തില്‍ എടികെ എതിരില്ലാത്ത അഞ്ച് ഗോളിന് കന്നിക്കാരായ ഹൈദരാബാദിനെ തോല്‍പിച്ചു. ആദ്യ പകുതിയില്‍ ഡേവിഡ് വില്യംസും(25, 44) രണ്ടാം പകുതിയില്‍ എ‍ഡു ഗാര്‍സ്യയും(88, 90+4) എടികെയ്‌ക്കായി ഇരട്ട ഗോളുമായി തിളങ്ങി. റോയ് കൃഷ്‌ണയാണ്(27) മറ്റൊരു ഗോള്‍ നേടിയത്.