ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ മുംബൈ സിറ്റിയെ തകര്‍ത്ത് ഒഡീഷ എഫ്‌സി പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഒഡീഷയുടെ ജയം. 47-ാം മിനുറ്റില്‍ അരിഡാനെയും 74-ാം മിനുറ്റില്‍ ഹെര്‍ണാണ്ടസുമാണ് ഒഡീഷക്കായി ഗോളുകള്‍ നേടിയത്. 

12 കളിയില്‍ അഞ്ച് ജയവും 18 പോയിന്‍റുമാണ് ഒഡീഷയ്‌ക്കുള്ളത്. തോറ്റെങ്കിലും 12 കളിയില്‍ 16 പോയിന്‍റുള്ള മുംബൈ സിറ്റി എഫ്‌സി അഞ്ചാം സ്ഥാനത്തുണ്ട്. ഇത്രതന്നെ കളിയില്‍ 24 പോയിന്‍റുള്ള എഫ്‌സി ഗോവയാണ് പട്ടികയില്‍ തലപ്പത്ത്. 22 പോയിന്‍റുമായി ബെംഗളൂരു എഫ്‌സിയാണ് രണ്ടാം സ്ഥാനത്ത്. 

എട്ടാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് 11 പോയിന്‍റാണുള്ളത്. ബ്ലാസ്റ്റേഴ്‌സ് നാളെ കൊല്‍ക്കത്തയില്‍ എടികെയെ നേരിടും. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ 7.30നാണ് മത്സരം ആരംഭിക്കുക.