കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകനെ മെട്രോയില്‍ വെച്ച് അപമാനിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണമാണ് ജിംഗാന്‍ നടത്തിയത്

ബെംഗളുരു: കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം സന്ദേശ് ജിംഗാന്‍ ട്വീറ്റ് ചെയ്ത ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളുരു എഫ്‌സി മത്സരത്തിന് ശേഷം മെട്രോയില്‍ വെച്ച് മഞ്ഞപ്പട ആരാധകനെ ബിഎഫ്‌സി ആരാധകര്‍ അപമാനിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ബെംഗളുരു എഫ്‌സി ആരാധകരുടെ മോശം പെരുമാറ്റത്തെ ശക്തമായ ഭാഷയിലാണ് സന്ദേശ് ജിംഗാന്‍ വിമര്‍ശിക്കുന്നത്. 

Scroll to load tweet…

"ഇതിലൂടെ ഇവര്‍ എന്താണ് നേടുന്നത് എന്ന് തനിക്ക് മനസിലാകുന്നില്ല. യഥാര്‍ത്ഥ ഫാന്‍സില്‍ നിന്നുണ്ടാകുന്ന പെരുമാറ്റമാണോ ഇത്. വൃത്തികെട്ട ആക്രമണത്തിലേക്ക് ഉടന്‍ ഇത് വഴിമാറും. ഇത് അഭിമാനമുണ്ടാക്കുന്നുണ്ടോ നിങ്ങള്‍ക്ക്. ഗ്രൗണ്ടിലെ പെരുമാറ്റം ഒകെ, ഗ്രൗണ്ടിന് പുറത്തെ വൃത്തികേടുകള്‍ അംഗീകരിക്കാനാവില്ല. പോരാട്ടവീര്യം മൈതാനത്ത് അവസാനിപ്പിച്ച് പുറത്ത് ഉത്തരവാദിത്വമുള്ള പൗരന്‍മാര്‍ മാത്രമാണ് താരങ്ങള്‍. അതുകൊണ്ട് പൊതുയിടങ്ങളിലെ ഇത്തരം ഭീഷണികള്‍ അവസാനിപ്പിക്കുക. യഥാര്‍ത്ഥ ആരാധകരുടെ സംസ്‌കാരം ഇല്ലാതാക്കരുത്"- ഇതായിരുന്നു ജിംഗാന്‍റെ ട്വീറ്റ്. 

Scroll to load tweet…

എന്നാല്‍ ജിംഗാനെ വിമര്‍ശിച്ച് ബിഎഫ്‌സി ആരാധകര്‍ രംഗത്തെത്തി. ഇതിനുപിന്നാലെ വിശദീകരണ ട്വീറ്റുമായി താരമെത്തി. ഏതെങ്കിലും ഒരു ക്ലബിന്‍റെ ആരാധകരെ കുറ്റപ്പെടുത്തുകയോ ലക്ഷ്യമിടുകയോ അല്ല താന്‍ ചെയ്തത്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണ് എന്‍റെ ട്വീറ്റ്. മറ്റ് ക്ലബുകളുടെ ആരാധകരെ ആക്രമിക്കുന്നത് അവസാനിപ്പിക്കാന്‍ പൊതുവായി അപേക്ഷിക്കുകയാണ് എന്നും ജിംഗാന്‍ കുറിച്ചു. 

Scroll to load tweet…

ബെംഗളുരുവിലെ ശ്രീകന്ദീരവ സ്റ്റേഡിയത്തില്‍ നവംബര്‍ 23-ാം തിയതിയായിരുന്നു ബ്ലാസ്റ്റേഴ്‌സ്- ബിഎഫ്‌സി മത്സരം. നായകന്‍ സുനില്‍ ഛേത്രി 55-ാം മിനുറ്റില്‍ ഹെഡറിലൂടെ നേടിയ ഏക ഗോളില്‍ ബെംഗളുരു വിജയിച്ചിരുന്നു. പരിക്കുമൂലം സീസണ്‍ നഷ്ടമായ ജിംഗാന്‍ മത്സരത്തില്‍ കളിച്ചിരുന്നില്ല.