കൊച്ചി: പരിശീലകനെ മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പറ്റുന്ന സാഹചര്യത്തില്‍ അല്ല കേരള ബ്ലാസ്റ്റേഴ്സ് എന്ന് എൽക്കോ ഷാറ്റോറി. ടീമിന്‍റെ പോരായ്മകള്‍ എന്തെന്ന് വ്യക്തമായി അറിയാം. നൂറുശതമാനം മികച്ച പ്രകടനം താന്‍ പുറത്തെടുക്കുന്നുണ്ട്. എന്നാൽ ചില കാര്യങ്ങള്‍ തന്‍റെ നിയന്ത്രണത്തിന് പുറത്താണെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ പറഞ്ഞു.

വിംഗര്‍മാരുടെ മോശം പ്രകടനം ടീമിന്‍റെ താളം തെറ്റിക്കുന്നുവെന്ന് പറഞ്ഞ ഷാറ്റോറി, സഹല്‍ അബ്ദുൽ സമദിനെ ആദ്യപകുതിയിൽ തന്നെ പിന്‍വലിച്ചതിനെ ന്യായീകരിച്ചു. മികച്ച പ്രകടനം പുറത്തെടുക്കാത്തത് കാരണമാണ് സഹലിന് അവസരം നൽകാത്തതെന്നും മലയാളിതാരത്തോട് തനിക്ക് വ്യക്തിപരമായി ഒരു പ്രശ്നവുമില്ലെന്നും ഷാറ്റോറി പറഞ്ഞു.

സഹലിനെതിരെ ഒന്നും ഞാന്‍ പറയില്ല. കാരണം സഹല്‍ മിടുക്കനായ കളിക്കാരനാണ്. ടീമിലെ മറ്റ് പലകളിക്കാരെക്കാളും മികച്ചവനുമാണ്. പക്ഷെ, ഈ സീസണില്‍ തുടക്കം മുതല്‍ സഹല്‍ അത്ര മികച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ പല കളികളിലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതെന്നും ഷാറ്റോരി പറഞ്ഞു.