ഗുവാഹത്തി: ഇന്ത്യന്‍ ഫുട്ബോളിലേക്കുള്ള തന്റെ വരവറിയിച്ച അസമാവോ ഗ്യാന്റെ മികവില്‍ ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിന് വിജയം. ഒഡീഷ് എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് മറികടന്നത്. സീസണിലെ ഏറ്റവും വേഗമേറിയ ഗോള്‍ നേടിയ റദീം തലാംഗ് ആണ് നോര്‍ത്ത് ഈസ്റ്റിനെ ആദ്യം മുന്നിലെത്തിച്ചത്.

രണ്ടാം മിനിറ്റിലായിരുന്നു തലാംഗിന്റെ ഗോള്‍. 71-ാം മിനിറ്റില്‍ ക്സിസ്കോ ഹെര്‍ണ്ടസിലൂടെ ഒഡിഷ സമനില പിടിച്ചു. എന്നാല്‍ കളി തീരാന്‍ ആറ് മിനിറ്റ് മാത്രം ബാക്കിയിരിക്കെ ഹെഡ്ഡറിലൂടെ ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റിന്റെ വിജയഗോള്‍ കണ്ടെത്തി. വിജയത്തോടെ നോര്‍ത്ത് ഈസ്റ്റ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഒഡിഷ തുടര്‍ച്ചയായ രണ്ടാം പരാജയം രുചിച്ചു.

രണ്ടാം മിനിറ്റില്‍ മുന്നിലെത്തിയ നോര്‍ത്ത് ഈസ്റ്റ് തന്നെയാണ് കളിയിലും ആധിപത്യം പുലര്‍ത്തിയത്. പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടുനിന്ന നോര്‍ത്ത് ഈസ്റ്റിനെതിരെ ഒറ്റപ്പെട്ട ആക്രമണങ്ങളുമായി ഒഡീഷ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മ അവര്‍ക്ക് തടസമായി. രണ്ടാം പകുതിയില്‍ കൂടുതല്‍ ഒത്തിണക്കം കാട്ടിയ ഒഡീഷ നിരവധിതവണ ഗോളിന് അടുത്തെത്തി. ഒടുവില്‍ 71-ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തിയെങ്കിലും ഗ്യാനിന്റെ ഫിനിഷിംഗ് മികവില്‍ ഒഡീഷ തോല്‍വി സമ്മതിച്ചു.