ചെന്നൈ: ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ തകര്‍പ്പന്‍ ജയവുമായി ചെന്നൈയിന്‍ എഫ്‌സി. ജംഷഡ്പൂരിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത ചെന്നൈ 18 പോയന്റുമായി പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറി. ഇരട്ട ഗോള്‍ നേടിയ നെരിജുസ് വാല്‍സ്കിസ് ആണ് ചെന്നൈയുടെ വിജയശില്‍പി.

13, 74 മിനിറ്റുകളിലായിരുന്നു വാല്‍സ്കിസിന്റെ ഗോളുകള്‍. 42ാം മിനിറ്റില്‍ ആന്ദ്രെ ഷെംബ്രിയും 87-ാം മിനിറ്റില്‍ ലല്ലിയാന്‍സുവാല ചാംഗ്തെയും ചെന്നൈയിന്റെ ഗോള്‍ പട്ടിക തികച്ചപ്പോള്‍ 71- ാം മിനിറ്റില്‍ സെര്‍ജിയോ കാസില്‍ ആണ് ജംഷഡ്പൂരിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താനും ചെന്നൈയിനായി.

നാലാം സ്ഥാനത്തുള്ള ഒഡീഷ എഫ്‌സിയുമായി മൂന്ന് പോയന്റ് വ്യത്യാസം മാത്രമാണ് ചെന്നൈയിന് ഉള്ളത്. തോല്‍വിയോടെ ജംഷ്ഡ്പൂരിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. 13 കളികളില്‍ 16 പോയന്റുള്ള ജംഷഡ്പൂര്‍ ബ്ലാസ്റ്റേഴ്സിന് മുന്നില്‍ ഏഴാം സ്ഥാനത്താണ്.