ഹൈദരാബാദ്: ഹൈദരാബാദ്: ഒരു ഗോളിന് മുന്നില്‍ നിന്നിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയ വഴിയില്‍ തിരിച്ചെത്താനായില്ല. ഹൈദരാബാദ് എഫ്.സിക്കെതിരായ ആദ്യ എവേ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍വി വഴങ്ങി. 34ാം മിനുറ്റില്‍ മലയാളി താരം രാഹുല്‍ കെ.പി രാഹുലിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സിന് രണ്ടാം പകുതിയില്‍ വഴങ്ങിയ രണ്ടു ഗോളുകളാണ് വിനയായത്. 54ാം മിനുറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ മാര്‍ക്കോ സ്റ്റാന്‍കോവിച്ചും 81ാം മിനുറ്റില്‍ ഫ്രീകിക്കിലൂടെ മാഴ്സലീഞ്ഞോയും ആതിഥേയര്‍ക്കായി ലക്ഷ്യം കണ്ടു.

തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ തോറ്റെത്തിയ ഹൈദരാബാദ് ലീഗിലെ ആദ്യ വിജയമാണ് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കുറിച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എ.ടി.കെയെ തോല്‍പിച്ചിരുന്നു. നവംബര്‍ എട്ടിന് ഒഡീഷ എഫ്.സിക്കെതിരെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

പരിക്കുകാരണം ആദ്യ മത്സരങ്ങളില്‍ വിട്ടുനിന്ന ടി.പി രെഹ്‌നേഷ് സീസണില്‍ ഇതാദ്യമായി ഗോള്‍വലയ്ക്ക് മുന്നിലെത്തി. ബിലാല്‍ ഖാന്‍ പുറത്തിരുന്നു. മുഹമ്മദ് റാകിപ്, ജെസെല്‍ കര്‍ണെയ്‌റോ, ജിയാനി സുയ്‌വെര്‍ലൂണ്‍, ജെയ്‌റോ റോഡിഗ്രസ് എന്നിവര്‍ പ്രതിരോധത്തില്‍ നിലയുറപ്പിച്ചു. മധ്യനിരയില്‍ മാറ്റങ്ങളുണ്ടായി. സഹല്‍ അബ്ദുല്‍ സമദും കെ.പി രാഹുലും ആദ്യ പതിനൊന്നില്‍ ഉള്‍പ്പെട്ടു. സെര്‍ജിയോ സിഡോഞ്ച, കെ പ്രശാന്ത്, മുഹമ്മദ് നിങ് എന്നിവരായിരുന്നു മധ്യനിരയിലെ മറ്റ് താരങ്ങള്‍.

മുന്നേറ്റത്തില്‍ ബര്‍തലോമിയോ ഒഗ്‌ബെച്ചെ മാത്രം. കരണ്‍ജിത് സിങാണ് ഹൈദരാബാദ് ഗോള്‍വല കാത്തത്. മാത്യു കില്‍ഗാലൊന്‍, ഗുര്‍തെജ് സിങ്, മുഹമ്മദ് യാസിര്‍ എന്നിവര്‍ പ്രതിരോധത്തിലും ശങ്കര്‍ സാമ്പിങ്‌രാജ്, നിഖില്‍ പൂജാരി, മാര്‍കോ സ്റ്റാന്‍കോവിച്ച്, രോഹിത് കുമാര്‍ എന്നിവര്‍ മധ്യനിരയിലും അണിനിരന്നു. സ്‌െ്രെടക്കര്‍മാരായി മാഴ്‌സെലീന്യോയും അഭിഷേക് ഹാള്‍ദറും റോബിന്‍ സിങ്ങും.

സഹലിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ആദ്യമിനിറ്റില്‍തന്നെ നല്ല നീക്കമുണ്ടാക്കി. പന്തുമായി മുന്നേറിയ സഹല്‍ ക്യാപ്റ്റന്‍ ഒഗ്‌ബെച്ചെയ്ക്ക് പന്ത് നല്‍കി. പക്ഷേ, ഒഗ്‌ബെച്ചെയ്ക്ക് പന്ത് എത്തിപ്പിടിക്കാനായില്ല. പത്താം മിനിറ്റില്‍ പ്രതിരോധക്കാരന്‍ സുയ്‌വെര്‍ലൂണിന് പരിക്കേറ്റത് തിരിച്ചടിയായി. സുയ്‌വെര്‍ലൂണിന് പകരം രാജു ഗെയ്ക്ക്‌വാദ് ഇറങ്ങി. ബ്ലാസ്‌റ്റേഴ്‌സ് മുന്നേറികൊണ്ടിരുന്നു. നിങ്ങിന്റെ പാസ് പിടിച്ചെടുത്ത് രാഹുല്‍ ഷോട്ട് തൊടുത്തെങ്കിലും ബാറിന് മുകളിലൂടെ പറന്നു.

ഇതിനിടെ മാഴ്‌സെലീന്യോയിലൂടെ ഹൈദരാബാദും ആക്രമണത്തിന് ഇറങ്ങി. ബോക്‌സിനുള്ളിലേക്ക് കടന്ന മാഴ്‌സെലീന്യോ അപകടകരമായി മുന്നേറി. എന്നാല്‍ റാക്കിപിന്റെ പ്രതിരോധം ബ്ലാസ്‌റ്റേഴ്‌സിനെ കാത്തു. ഒന്നാന്തരമായി റാകിപ് മാഴ്‌സെലീന്യോയുടെ കാലില്‍നിന്ന് പന്ത് റാഞ്ചി. കളിയുടെ 22ാം മിനിറ്റില്‍ രാഹുലിന്റെ  20 വാര ദൂരത്തുനിന്നുള്ള ലോങ് റേഞ്ചര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. ഇരു ടീമുകളുടെയും മധ്യനിര ഉണര്‍ന്നുകളിച്ചു.

34ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് കാത്തിരുന്ന നിമിഷമെത്തി. രാഹുലിന്റെ മനോഹര ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടി. ഗോള്‍ കീപ്പര്‍ ടി പി രെഹ്‌നേഷില്‍ നിന്നായിരുന്നു തുടക്കം. രെഹ്‌നേഷ് നീട്ടിയടിച്ച പന്ത് ഹൈദരാബാദ് പ്രതിരോധത്തില്‍ത്തട്ടിത്തെറിച്ചു. ബോക്‌സില്‍ സഹലിലേക്ക്. മുന്നോട്ട് നീങ്ങിയ രാഹുലിനെ ലക്ഷ്യമാക്കി സഹലിന്റെ പാസ്.

രാഹുല്‍ ഹൈദരാബാദ് കീപ്പര്‍ കരണ്‍ജിതിനെ കീഴടക്കി പന്ത് വലയിലാക്കി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രാഹുലിന്റെ കന്നി ഗോള്‍. ബ്ലാസ്‌റ്റേഴ്‌സ് ഫോര്‍വേഡ് ഒഗ്‌ബെച്ചെയും സഹലും ചേര്‍ന്ന് ഹൈദരാബാദ് ബോക്‌സില്‍ ഭീഷണി ഉയര്‍ത്തി. ഹൈദരാബാദ് സ്‌െ്രെടക്കര്‍മാരുടെ ശ്രമങ്ങളെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ടി.പി രെഹ്‌നേഷ് തടഞ്ഞു. ഒരു ഗോള്‍ ലീഡുമായി സന്തോഷത്തോടെ ആദ്യപകുതി ബ്ലാസ്‌റ്റേഴ്‌സ് പൂര്‍ത്തിയാക്കി.  

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ലീഡുയര്‍ത്താന്‍ ശ്രമിച്ചു. സിഡോഞ്ചയുടെ പാസില്‍ നിന്ന് ഗോളിനായി പ്രശാന്തിന്റെ ശ്രമം. പക്ഷേ പന്ത് നേരെ കരണ്‍ജിത്തിന്റെ കൈകളില്‍ വിശ്രമിച്ചു.  ഹൈദരാബാദ് എഫ്.സി ഒരു അവസരം പാഴാക്കി. 53ാം മിനുറ്റില്‍ നിങിന്റെ ചെറിയ പിഴവിന് ബ്ലാസ്റ്റേഴ്‌സ് വലിയ വില നല്‍കേണ്ടി വന്നു. ഹൈദാരാബാദ് താരം യാസിറിനെ ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മാര്‍ക്കോ സ്റ്റാന്‍കോവിച്ചിന് പിഴച്ചില്ല. ഗച്ചിബൗളിയില്‍ ചരിത്രം പിറന്നു. ഐ.എസ്.എലില്‍ ഹൈദരാബാദിന്റെ പ്രഥമ ഗോള്‍.

ഷട്ടോരി സഹലിനെ പിന്‍വലിച്ചു. മെസി ബൗളി പകരക്കാരനായി. ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഗോള്‍മുഖത്തെത്തി. വലയുടെ വലത് ഭാഗത്ത് നിന്ന് രാഹുലിന്റെ തന്ത്രപരമായ നീക്കം ഹൈദരാബാദിന്റെ പ്രതിരോധം മറികടന്ന് ബോക്‌സിലേക്ക്. വലയുടെ മുന്നില്‍ നിന്ന് ഒഗ്ബച്ചെ നിറയൊഴിച്ചു, പക്ഷേ പന്ത് കൃത്യം കരണ്‍ജിത്തിന്റെ കയ്യില്‍. രാഹുലും ഒഗ്ബച്ചെയും ചേര്‍ന്ന് ചില നീക്കങ്ങള്‍ കൂടി നടത്തി. ലക്ഷ്യം അകന്നു. 73ാം മിനുറ്റില്‍ ജെസെല്‍ കര്‍ണെയ്‌റോയുടെ ഗോള്‍ നീക്കം മികച്ചതായിരുന്നു. ബോക്‌സിന് പുറത്ത് നിന്ന് വല ലക്ഷ്യമാക്കി കര്‍ണെയ്‌റോയുടെ മനോഹരമായ ഇടങ്കാലന്‍ ഷോട്ട് വലയകന്ന് പറന്നു.

രാഹുലിനെ കോച്ച് തിരികെ വിളിച്ചു. ഹളിചരണ്‍ നര്‍സാരി കളത്തിലെത്തി. ഇതിനിടെ ആതിഥേയര്‍ ബോക്‌സിന് പുറത്ത് ഫ്രീകിക്ക് സമ്പാദിച്ചു. മാര്‍സെലീന്യോയുടെ നേരിട്ടുള്ള ഫ്രികിക്ക് വലയില്‍ വളഞ്ഞിറങ്ങി. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധവും രെഹനേഷും നിസഹായരായി നിന്നു. സമനിലക്കായി ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചെങ്കിലും ഹൈദരാബാദിന്റെ ജയം തടയാനായില്ല.