ജംഷഡ്‌പൂര്‍: ഹോം ഗ്രൗണ്ടില്‍ ചെന്നൈയിന്‍ എഫ്‌സിയെ കീഴടക്കി പോയന്റ് പട്ടികയില്‍ രണ്ടാമതെത്താമെന്ന ജംഷഡ്ഫൂരിന്റെ മോഹം വെറുതെയായി. നാലാം സ്ഥാനത്തുള്ള ജംഷഡ്പൂരിനെ ഒമ്പതാം സ്ഥാനത്തുള്ള ചെന്നൈ സമനിലയില്‍ തളിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.

27-ാം മിനിറ്റില്‍ നെരിജു വല്‍സ്കിയിലൂടെ മൂന്നിലെത്തിയ ചെന്നൈയ്ക്കെതിരെയെ 89ാം മിനിറ്റില്‍ ഐസക്ക് വന്‍മല്‍സവമ്മ നേടിയ ഗോളിലൂടെയാണ് ജംഷഡ്പൂര്‍ സമനില കണ്ടെത്തിയത്. സമനിലയോടെ പോയന്റ് പട്ടികയില്‍ ജംഷഡ്പൂര്‍ നാലാം സ്ഥാനത്ത് തുടരുമ്പോള്‍ ചെന്നൈയിന്‍ എഫ് സി ഏഴ് കളികളില്‍ ആറ് പോയന്റുമായി ഒമ്പതാം സ്ഥാനത്ത് തന്നെയാണ്. ജയിച്ചിരുന്നെങ്കില്‍ എടികെയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ജംഷഡ്പൂരിനാവുമായിരുന്നു.

പതിമൂന്നാം മിനിറ്റില്‍ മുന്നിലെത്താന്‍ ജംഷഡ്പൂരിന്  സുവര്‍ണാവസരം ലഭിച്ചുവെങ്കിലും  മലയാളി താരം സി കെ വിനീതിന്റെ ക്രോസ് ലക്ഷ്യമില്ലാതെ പോയി. 27ാം മിനിറ്റില്‍ ആദ്യം ലീഡെടുത്ത ചെന്നൈയിന് ലീഡുയര്‍ത്താന്‍ പിന്നീടും അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഒടുവില്‍ വിജയമുറപ്പിച്ച ചെന്നൈയെ ഞെട്ടിച്ചാണ് 89-ാം മിനിറ്റില്‍ ജംഷഡ്പൂര്‍ സമനില വീണ്ടെടുത്തത്.